പ്രമാടം: റോഡ് സൈഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ചാക്കില്‍ കെട്ടിയ നോട്ടുകെട്ടുകളും പുത്തന്‍ സാരിയും കണ്ടെത്തിയ ഞെട്ടലിലാണ് നാട്ടുകാര്‍. പ്രമാടം, വള്ളിക്കോട് പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ പരുവേലി തോടിന്റെ കലുങ്കിന് അടുത്തായാണ് പ്ലാസ്റ്റിക് ചാക്കില്‍ നോട്ടുകള്‍ കണ്ടെത്തിയത്.
ഈ ചാക്കില്‍ 10, 20, 50, 100 നോട്ടുകളാണ് പെറുക്കിയിട്ട നിലയില്‍ കണ്ടെത്തിയത് ചാക്കിന് സമീപത്തായി കവര്‍ പൊട്ടിക്കാത്ത സെറ്റ്‌സാരിയും കണ്ടെത്തി. പത്തനംതിട്ട പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷണ മുതലാണെന്ന സംശയത്തിലാണു പോലീസ്.
ഇതിനിടെ, കോന്നിയിലെ ടെക്‌സ്‌റ്റൈല്‍ ഷോപ്പില്‍ നിന്നു വാങ്ങിയ സാരിയാണി ഇതെന്നു കണ്ടെത്തിയിട്ടുണ്ട്. കോന്നി എന്‍എസ് ടെക്‌സ്‌റ്റൈല്‍സിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കും. രാവിലെ എട്ടരയോടെ പ്രദേശവാസികളായ സ്ത്രീകളാണു പണമടങ്ങിയ ചാക്ക് കണ്ടത്. ഇവര്‍ സാരി കണ്ടു നോക്കിയപ്പോള്‍ സമീപത്തായി ചാക്കിലായി പണവും കണ്ടെത്തുകയായിരുന്നു.
ഈ വഴി രാവിലെ നടക്കാന്‍ പോയവരാരും പണം കണ്ടിട്ടുണ്ടായിരുന്നില്ല. പതിവായി മദ്യകുപ്പികളും മാലിന്യവും ഉപേക്ഷിക്കപ്പെടുന്ന സ്ഥലമാണ് ഇവിടെ. ഇതിനടുത്തായാണു സാരിയും പണവും കണ്ടെത്തിയത്.
പത്തനംതിട്ട പോലീസ് ഡോഗ് സ്‌ക്വാഡിന്റെയും ഫോറന്‍സിക് വിദഗ്ധരുടെയും സഹായം തേടിയിട്ടുണ്ട്. എസ്എച്ച്ഒ ജോബി ജോണിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തുണ്ട്.