കോട്ടയം: മാമ്പഴം മോഷ്ടിച്ച പോലീസുകാരന്റെ വാര്‍ത്ത വൈറലായിരുന്നു. സംഭവത്തിന് പിന്നാലെ സ്കൂള്‍ കലോത്സവത്തില്‍ ഫാന്‍സി ഡ്രസ് മത്സരത്തില്‍ മാമ്പഴം മോഷ്ടിച്ച പോലീസായി വേഷമിട്ട എല്‍കെജി വിദ്യാര്‍ത്ഥിയും സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടിയിരുന്നു.
യഥാര്‍ഥ സംഭവത്തെ നന്നായി മത്സരവേദിയിലെത്തിച്ച കൊച്ചുമിടുക്കനെ സോഷ്യല്‍ ലോകം അഭിനന്ദിച്ചിരുന്നു. കുട്ടിയുടെ പ്രകടനം രക്ഷിതാവ് ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് വീഡിയോ വൈറലായത്.
എന്നാല്‍ വൈറല്‍ വീഡിയോ തങ്ങള്‍ക്കും പോലീസ് സേനയ്ക്കും നാണക്കേടുണ്ടാക്കിയെന്ന ആരോപണം ഉയര്‍ത്തി രംഗത്തെത്തിയിരിക്കുകയാണ് സ്കൂള്‍ മാനേജ്മെന്റ്.
കുട്ടിയുടെ ഫാന്‍സി ഡ്രസ് വീഡിയോയെ തള്ളി ആനക്കല്ല് സെന്റ് ആന്റണി പബ്ലിക് സ്കൂള്‍ വിശദമായ പ്രസ്താവനയും പുറത്തിറക്കി. വീഡിയോ സമൂഹമാധ്യമ പ്ലാറ്റ് ഫോമുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ കുട്ടിയുടെ രക്ഷിതാവിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രസ്താവനയിലൂടെ സ്കൂള്‍ മാനേജ്മെന്റ് അറിയിച്ചു.
വീഡിയോ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതിന് സ്കൂള്‍ യാതൊരുവിധ പിന്തുണയും നല്‍കിയിട്ടില്ല. സ്കൂളിന്റെ അറിവോ സമ്മതമോ കൂടാതെയാണ് വീഡിയോ പ്രചരിക്കുന്നതെന്നും പ്രസ്താവനയിലൂടെ മാനേജ്മെന്റ് വ്യക്തമാക്കി.
ഈ മാസം 14ന് സ്കൂളില്‍ പ്രീ പ്രൈമറി വിഭാഗത്തിനായി നടന്ന ഫാന്‍സി ഡ്രസ് മത്സരത്തിലാണ് എല്‍കെജി വിദ്യാര്‍ത്ഥി മാമ്പഴം മോഷ്ടിച്ച പോലീസുകാരനായി വേഷമിട്ടത്. മാമ്പഴ മോഷണത്തില്‍ ഉള്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ ദിവസങ്ങള്‍ പിന്നിട്ടിട്ടും പിടിക്കാന്‍ പോലീസിന് സാധിക്കുന്നില്ലെന്ന വിമര്‍ശനം കൂടി ശക്തമാകുന്ന പശ്ചാത്തലത്തിലാണ് കുട്ടിയുടെ ഫാന്‍സി ഡ്രസ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
Discussion about this post