തിരുവല്ല: അയല്‍വാസിയുടെ പുരയിടത്തില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ ഇരുപത്തിരണ്ടുകാരന്‍ അറസ്റ്റില്‍. പത്തനംതിട്ടയിലെ വെള്ളിക്കുളത്താണ് സംഭവം. ഒളിവിലായിരുന്ന പുറമറ്റം മുണ്ടമല കുളത്തിന്റെ വടക്കേവീട്ടില്‍ സുനില്‍ ആണ് അറസ്റ്റിലായത്.
കഞ്ചാവ് കൈവശം വെച്ചതുള്‍പ്പെടെ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സുനില്‍. ജൂണ്‍ ഒമ്പതിനാണ് ഇയാള്‍ കഞ്ചാവ് ചെടി വളര്‍ത്തുന്നുവെന്ന വിവരം ലഭിച്ചത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പിയായിരുന്ന എ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് ചെടി പിടിച്ചെടുത്തത്.
also read: ഓര്‍ഡര്‍ ചെയ്ത ചിക്കന്‍ ഫ്രൈ കിട്ടാന്‍ വൈകി, ഹോട്ടല്‍ ജീവനക്കാരെ ക്രൂരമായി മര്‍ദിച്ച് യുവാവ്
പിന്നാലെ സുനില്‍ ഒളിവിലായിരുന്നു, ഈ മാസം 10നാണ് കോടതിയില്‍ കീഴടങ്ങിയത്. സുനില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞുവരികയാണ്. സ്ത്രീയ്ക്കു നേരെ കയ്യേറ്റം നടത്തി മാനഹാനിയുണ്ടാക്കിയ കേസിലും സുനില്‍ പ്രതിയാണ്.
കോയിപ്രം എസ്എച്ച് സജീഷ്‌കുമാര്‍, ഡാന്‍സാഫ് എസ്ഐ അജി സാമുവല്‍, കോയിപ്രം എസ്ഐ അനൂപ്, എസ്ഐമാരായ താഹാകുഞ്ഞ്, മോഹനന്‍, എഎസ്ഐ വിനോദ്, മോഹനന്‍, ഡാന്‍സാഫ് സംഘത്തിലെ എഎസ്ഐ അജികുമാര്‍, സിപിഒമാരായ മിഥുന്‍, ബിനു, ശ്രീരാജ്, അഖില്‍, സുജിത് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.