തിരുവനന്തപുരം: പേരൂർക്കടയ്ക്ക് സമീപം കുടപ്പനക്കുന്നിൽ വീടിന്റെ ഒന്നാം നില കത്തി നശിച്ചു. കുടപ്പനക്കുന്ന് കൃഷിഭവന് എതിരെയുള്ള ജയമോഹനൻ എന്നയാളുടെ വീട്ടിലാണ് വൻ അഗ്‌നിബാധയുണ്ടായത്. ചാർജിനിട്ട മൊബൈൽ ഫോൺ ചൂടായി തീ പിടിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് അപകടം നടന്നത്.
മുറിയിലുണ്ടായിരുന്ന സാധനങ്ങളെല്ലാം കത്തിനശിച്ചു. ജയമോഹനും വീട്ടുകാരും താഴത്തെ നിലയിലായിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിഞ്ഞു മാറിയത്. അയൽവീട്ടുകാരാണ് മുകൾനിലയിലെ മുറിക്കകത്തെ പുക കണ്ട് വിവരമറിയിച്ചത്. ശേഷം ഓടിയെത്തുമ്പോഴേക്കും തീ ആളിപടർന്നിരുന്നു.
പിന്നീട് ചെങ്കൽച്ചൂളയിൽ നിന്ന് അഗ്‌നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. മുറിക്കകത്ത് എ.സി. ഉൾപ്പെടെ പ്രവർത്തിച്ചിരുന്നു. എന്നാൽ, വൈദ്യുതത്തകരാർ കണ്ടെത്താനായില്ല. ചാർജ് ചെയ്യാനായി കട്ടിലിലെ മെത്തയിൽ വെച്ചിരുന്ന മൊബൈൽ അമിതമായി ചൂടായി മെത്തയ്ക്ക് തീപിടിച്ചതാകാം നിഗമനം.