‘നരബലി ഭവന സന്ദർശനം 50 രൂപ’ സ്റ്റിക്കർ ഒട്ടിച്ച് ഓട്ടോറിക്ഷയുടെ ഓട്ടം; ഒറ്റ ദിവസത്തെ കളക്ഷൻ 1200 രൂപ

പത്തനംതിട്ട: പരിഷ്‌കൃത സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ച ഒന്നായിരുന്നു ഇലന്തൂർ നരബലി. സംഭവത്തിൽ പ്രതികൾ നടത്തുന്ന ഓരോ മൊഴികളും മലയാളികളെ ഞെട്ടിക്കുന്നതാണ്. നരബലിക്ക് ഇരകൾ ആയവരുടെ മൃതദേഹത്തിൽ വൃക്കയും കരളും ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് ഒടുവിൽ ആയി വന്ന വിവരം. എന്നാൽ ഇപ്പോൾ ഈ ദുരന്തം ഓട്ടോ ഓടിക്കുന്ന ഒരു വിഭാഗക്കാർക്ക് വരുമാനം നേടി കൊടുക്കുകയാണ്.

‘മന്ത്രവാദമല്ല, തന്റെ വിശ്വാസം അനുസരിച്ചുള്ള പൂജകളാണ്’; യൂദാഗിരിയിലെ മന്ത്രവാദി റോബിന്‍

നരബലി നടന്ന ഭഗവൽ സിംഗിന്റെ വീട് കാണാൻ ഇപ്പോൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ ഒഴുകുകയാണ്. ബസിലും ട്രെയിനിലും മറ്റുമാണ് ആളുകൾ എത്തുന്നത്. ഈ വേളയിൽ വീട്ടിലേക്ക് എത്തുന്നവർ ഓട്ടോയും പിടിക്കുന്നുണ്ട്. എന്നാൽ ഇതൊരു സഞ്ചാരകേന്ദ്രമല്ലെന്നും മനുഷ്യക്കുരുതി നടന്ന വീടാണെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും ജനം അതൊന്നും വക വെക്കുന്നില്ല.

ഈ വേളയിൽ ആളുകൾക്ക് ഈ വീട്ടിലേക്ക് എളുപ്പമെത്താനായി സ്വന്തം ഓട്ടോറിക്ഷയിൽ സ്റ്റിക്കർ ഒട്ടിച്ചിരിക്കുകയാണ് ഇലന്തൂർ സ്വദേശി ഗിരീഷ്. നരബലി ഭവനം കാണാനെത്തുന്നവരിൽ നിന്ന് 50 രൂപയാണ് ഗീരീഷ് ഈടാക്കുന്നത്. നരബലി ഭവന സന്ദർശനം 50 രൂപ എന്നാണ് വാഹനത്തിൽ ഒട്ടിച്ചിരിക്കുന്ന സ്റ്റിക്കർ. ഞായറാഴ്ച മാത്രം 1200 രൂപയുടെ ഓട്ടം കിട്ടിയെന്നാണ് ഗീരീഷ് പറയുന്നത്.

ആദ്യശ്രീ തംബുരു എന്നുപേരായ ഓട്ടോറിക്ഷയാണ് ഗീരീഷ് ഓടിക്കുന്നത്. ഇലന്തൂർ ജംഗ്ഷനിൽ നിന്ന് ഭഗവൽ സിംഗിന്റെ വീട്ടിലേക്കാണ് 50 രൂപ ഈടാക്കുന്നത്. വഴി ഒന്ന് കാണിച്ചാൽ മതി പൈസ തരാമെന്ന് പറയുന്നവർ പോലുമുണ്ടെന്ന് ഗിരീഷ് പറയുന്നു.

Exit mobile version