ഏറ്റുമാനൂര്‍: കോട്ടയത്ത് ഭാര്യയെഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ ഭര്‍ത്താവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കേസിലെ പ്രതി പ്രദീപിനെയാണ് ജീവനൊടുക്കിയ നിലയില്‍ ഉഴവൂരിനടുത്ത് അരീക്കരയിലെ റബര്‍ തോട്ടത്തില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടുമൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
വെള്ളിയാഴ്ച ഭാര്യ മഞ്ജുവിനെ ഗുരുതരമായി വെട്ടിപ്പരിക്കേല്പിച്ച ശേഷം പ്രദീപ് ഒളിവില്‍ പോവുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് പ്രദീപിന്റെ മൃതദേഹം കണ്ടെത്തിയത്. മഞ്ജുവിനെ വെട്ടിപ്പരിക്കേല്‍പിച്ചതിന് പിന്നാലെ തന്നെ പ്രദീപ് ജീവനൊടുക്കി എന്നാണ് കരുതുന്നത്.
ഏറ്റുമാനൂര്‍ കാണക്കാരി പാറപ്പുറത്ത് താമസിക്കുന്ന മഞ്ജുവിനെ വെള്ളിയാഴ്ച രാവിലെയാണ് പ്രദീപ് ആക്രമിച്ചത്. മഞ്ജുവിന്റെ ഇരുകൈകള്‍ക്കും വെട്ടേല്‍ക്കുകയും തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
മഞ്ജു നിലവില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ക്ക് രണ്ട് ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു. പ്രദീപിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു വിധേയമാക്കും. ഇതിമു ശേഷമേ മരണം സംബന്ധിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിക്കാനാകൂ.
Discussion about this post