കൊച്ചി: നാടിനെ നടുക്കിയ ഇലന്തൂര്‍ നരബലിക്കേസിലെ മുഖ്യപ്രതി ഷാഫിയെ രക്ഷിക്കാന്‍ ശ്രമിക്കില്ലെന്ന് ഷാഫിയുടെ ഭാര്യ നബീസ. ഷാഫി ചെയ്തത് ക്രൂരകൃത്യമെന്ന് ഷാഫിക്ക് തക്കതായ ശിക്ഷ കിട്ടണമെന്നും നബീസ പറഞ്ഞു. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തക്കതായ ശിക്ഷ കിട്ടണമെന്നും ഭാര്യ പറഞ്ഞു.
ശ്രീദേവി എന്ന വ്യാജ അക്കൗണ്ട് കൈകാര്യം ചെയ്ത ഫോണ്‍ വഴക്കിനെത്തുടര്‍ന്ന് താന്‍ തന്നെയാണ് നശിപ്പിച്ചതെന്ന് ഷാഫിയുടെ ഭാര്യ പറഞ്ഞു. കോര്‍പറേഷന്‍ വേസ്റ്റ് കൊട്ടയിലാണ് ഫോണ്‍ ഉപേക്ഷിച്ചത്. ഷാഫി നിരന്തരം തന്റെ ഫോണ്‍ ആണ് ഉപയോഗിക്കുന്നതെന്നും അവര്‍ പറഞ്ഞു.
തന്റെ ഫോണില്‍ നിന്ന് നിരവധി തവണ ഷാഫി ലൈലയേയും ഭഗവല്‍ സിംഗിനേയും വിളിച്ചിരുന്നെന്ന് നബീസ പറയുന്നു. ചോദിക്കുമ്പോള്‍ വൈദ്യനെ വിളിക്കുന്നുവെന്നാണ് പറയാറുള്ളത്. ഇലന്തൂരിലേക്ക് കുടുംബത്തെ കൊണ്ടുപോകാമെന്ന് പറഞ്ഞിരുന്നതായും ഭാര്യ പറഞ്ഞു. സത്യം എന്തായാലും അന്വേഷണത്തിലൂടെ പുറത്തുവരണമെന്നും ഷാഫിയുടെ ഭാര്യ പറഞ്ഞു.
ഷാഫിയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ക്ക് മൂന്ന് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ രണ്ടെണ്ണം പോലീസ് പരിശോധിച്ചു. ഷാഫി ഉപയോഗിച്ചിരുന്ന ഫോണ്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. എന്നാല്‍ ഇത് ഉപേക്ഷിച്ചെന്നാണ് ഭാര്യയുടെ മൊഴി. നേരത്തെ പ്രതികള്‍ക്ക് വേണ്ടി അഡ്വ. ആളൂര്‍ ഹാജരാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.