പ്രചോദനം ഈ പിഎസ്‌സി കുടുംബം; ലോഡിങ് തൊഴിലാളി സൈതാലിയുടെ അഞ്ച് മക്കളും മരുമക്കളും ഉള്‍പ്പടെ 10 പേരും സര്‍ക്കാര്‍ ജീവനക്കാര്‍!

അലനല്ലൂര്‍: സര്‍ക്കാര്‍ ജോലിക്കായി പരിശ്രമിക്കുന്നവര്‍ പാതിവഴയില്‍ ഉദ്യമം അവസാനിപ്പിക്കുന്നത് പതിവാണ്. പരിശ്രമിച്ചാലും ജോലി കിട്ടില്ലെന്നാണ് പലരുടേയും ധാരണ. എന്നാല്‍, പിഎസ് സി പരീക്ഷ എഴുതി സര്‍ക്കാര്‍ സര്‍വീസില്‍ കയറിയ പത്ത് പേരുള്ള ഈ കുടുംബമാണ് ഇപ്പോള്‍ പിഎസ് സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാതൃകയാവുന്നത്.

എടത്തനാട്ടുകര വട്ടമണ്ണപ്പുരം എംഇഎസ് ആശുപത്രിപ്പടിയിലെ കുടുംബത്തിലെ പത്തുപേരാണ് സര്‍ക്കാര്‍ സര്‍വീസില്‍ കയറിയിരിക്കുന്നത്. മുന്‍ മരം ലോഡിങ് തൊഴിലാളിയായ പോത്തുകാടന്‍ സൈതാലി-ആമിന ദമ്പതികളുടെ അഞ്ച് മക്കളും മരുമക്കളുമാണ് സര്‍ക്കാര്‍ ജോലി സമ്പാദിച്ചിരിക്കുന്നത്. ആദ്യമായാണ് എടത്തനാട്ടുകരയിലെ ഒരു വീട്ടില്‍നിന്ന് ഇത്രയും പേര്‍ പിഎസ്‌സി വഴി സര്‍ക്കാര്‍ സര്‍വീസില്‍ ഇടം പിടിച്ചിരിക്കുന്നത്.

നാലാമത്തെ മകന്റെ ഭാര്യ സിഎം ബാസിമയും കഴിഞ്ഞ ദിവസം അധ്യാപികയായി സര്‍വിസില്‍ കയറിയതോടെയാണ് കുടുംബത്തിലെ സര്‍ക്കാര്‍ ജോലിക്കാരുടെ എണ്ണം പത്തായി ഉയര്‍ന്നത്.

കുടുംബത്തിലെ മൂത്ത മകന്‍ മുഹമ്മദാലി 30 വര്‍ഷം മുന്‍പ് വില്‍പന നികുതി വകുപ്പില്‍ ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിച്ചിരുന്നു. പിന്നീട് ജിഎസ്ടി വകുപ്പില്‍ ഡെപ്യൂട്ടി കമ്മീഷണറായി മലപ്പുറത്തേക്ക് സ്ഥാനമാറ്റമായി. ഭാര്യ എ സീനത്ത് എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹൈസ്‌കൂള്‍ അധ്യാപികയാണ്.

രണ്ടാമത്തെ മകന്‍ അബ്ദുറഹിമാന്‍ മണ്ണാര്‍ക്കാട് താലൂക്ക് ഓഫിസില്‍ ഡെപ്യൂട്ടി തഹസില്‍ദാരാണ്. ഭാര്യ ടി ഷഫ്ന അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസില്‍ സീനിയര്‍ ക്ലര്‍ക്കും. മൂന്നാമത്തെ മകന്‍ അബ്ദുസലാം എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹൈസ്‌കൂളില്‍ അധ്യാപകനാണ്. ഭാര്യ ടി ഷംന അലനല്ലൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിഎച്ച്എസ്‌സി വിഭാഗത്തില്‍ ലബോറട്ടറി ടെക്നിക്കല്‍ അസിസ്റ്റന്റായും ജോലി ചെയ്യുന്നു.

ALSO READ- ഇത് തകര്‍ച്ചയായി ഞാന്‍ കാണുന്നില്ല; രൂപയുടെ മൂല്യം ഇടിഞ്ഞതല്ല, ഡോളര്‍ ശക്തിപ്പെട്ടതാണ്: നിര്‍മ്മല സീതാരാമന്‍

നാലാമത്തെ മകന്‍ ഷംസുദ്ദീന്‍ പാലക്കാട് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റില്‍ സീനിയര്‍ ക്ലര്‍ക്കാണ്. ഭാര്യ സിഎം ബാസിമക്കാണ് ഇപ്പോള്‍ ഭീമനാട് ഗവ. യുപി സ്‌കൂളില്‍ അധ്യാപികയായി ജോലി ലഭിച്ചിരിക്കുന്നത്.

ഇളയമകനായ ഷാജഹാന്‍ പെരിന്തല്‍മണ്ണ കെഎസ്ആര്‍ടിസിയിലെ ജീവനക്കാരനാണ്. ഭാര്യ ഇ ഷബ്ന മലപ്പുറം ജില്ലയിലെ മാമ്പുഴ ജിഎല്‍പി സ്‌കൂള്‍ അധ്യാപികയാണ്. നാലുപേര്‍ ബിരുദാനന്തര ബിരുദധാരികളും ആറുപേര്‍ ബിരുദധാരികളുമാണ്.


മുഹമ്മദാലിക്ക് സംസ്ഥാനത്തെ മികച്ച ഇന്‍സ്പെക്ടര്‍ അവാര്‍ഡും അബ്ദുറഹിമാന് 2016ല്‍ സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫിസര്‍ക്കുള്ള ബഹുമതിയും 2003ല്‍ പാലക്കാട് ജില്ല കളക്ടറില്‍നിന്ന് മികച്ച സേവനത്തിന് ഗുഡ് സര്‍വിസ് എന്‍ട്രിയും ലഭിച്ചിരുന്നു.

Exit mobile version