കണ്ണൂര്‍: കെഎസ്ആര്‍ടിസി ബസ്സുകളില്‍ പരസ്യം പാടില്ലെന്ന ഹൈക്കോടതി നിര്‍ദേശത്തിനെതിരെ പ്രതികരിച്ച് ഗതാഗത മന്ത്രി ആന്റണി രാജു. കോടതി ഉത്തരവ് കോര്‍പ്പറേഷന് വലിയ ബാധ്യതയുണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു. ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയ ശേഷം നിയമവശം പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
ബസുകളില്‍ പരസ്യം പതിക്കാന്‍ അനുവദിക്കുന്നതിലൂടെ വര്‍ഷം 1.80 കോടി രൂപ കെഎസ്ആര്‍ടിസിക്ക് ലഭിക്കുന്നുണ്ട്. കോടതി ഉത്തരവ് നടപ്പിലാക്കുന്നത് നഷ്ടമുണ്ടാക്കും. കേരളത്തില്‍ മാത്രമല്ല, ഇതര സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ ബസുകളിലും പരസ്യമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ടൂറിസ്റ്റ് ബസുകളിലെ പരിശോധന കൂടുതല്‍ ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചു. നിയമലംഘനം അനുവദിക്കില്ല എന്നാല്‍ നിയമപരമായ യാത്ര നടത്തുന്നവര്‍ക്ക് ആശങ്ക വേണ്ട. ബസുടമകളുടെ വേട്ടയാടല്‍ പരാതിയില്‍ വസ്തുതയില്ലെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ- പൊതു വാഹനങ്ങളെന്ന വ്യത്യാസമില്ല. കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകളിലെ പരസ്യങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഹൈക്കോടതി വ്യക്തമാക്കിരുന്നു.
Discussion about this post