കൊച്ചി: സുരേഷ് ഗോപി ബിജെപി കോര്‍ കമ്മിറ്റി അംഗമാകുന്നതിനെ സ്വാഗതം ചെയ്ത് രാമസിംഹന്‍ അബൂബക്കര്‍. മനുഷ്യത്വമുള്ള ആരെങ്കിലും ആ കമ്മിറ്റിയില്‍ വേണമെന്ന് കേന്ദ്ര നേതൃത്വത്തിന് തോന്നിയിട്ടുണ്ടാകുമെന്നും അതുകൊണ്ടാണ് സുരേഷ് ഗോപിയെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതെന്ന് രാമസിംഹന്‍ പറഞ്ഞു.
സുരേഷ് ഗോപിയെ മുഖ്യമന്ത്രിയായിട്ടാണ് തങ്ങള്‍ കാണുന്നത്. അദ്ദേഹം മുഖ്യമന്ത്രിയാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഭാവിയില്‍ അത് സംഭവിക്കുമെന്ന് വിശ്വാസമുണ്ടെന്നും രാമസിംഹന്‍ പറഞ്ഞു.
അണികള്‍ അറിയാതെയുള്ള നീക്കങ്ങളും അണികളെ ഒതുക്കലും അവസാനിപ്പിക്കണമെന്ന് കേന്ദ്ര നേതൃത്വത്തിന് തോന്നി കാണും. മനുഷ്യത്വമുള്ള ആരെങ്കിലും ആ കമ്മിറ്റിയില്‍ വേണമെന്ന് കേന്ദ്രത്തിന് തോന്നിയിട്ടുണ്ടാകും. സുരേഷ് ഗോപിയെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതില്‍ ഞാന്‍ സന്തോഷിക്കുന്നു.
സുരേഷ് ഗോപിയിലൂടെ പാര്‍ട്ടിയുടെ ഇപ്പോഴത്തെ മുരടിപ്പില്‍ മോചനമുണ്ടാകും. എല്ലാ പ്രവര്‍ത്തകരും അദ്ദേഹത്തിനൊപ്പമുണ്ടാകും. സമൂഹം അംഗീകരിക്കുന്നവര്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് വരണം. ചേരി തിരിഞ്ഞ് ഗ്രൂപ്പുകളായി പ്രവര്‍ത്തിക്കുന്നവര്‍ അല്ല, മനുഷ്യന്റെ പ്രശ്നങ്ങള്‍ അറിയുന്നവര്‍ നേതൃനിരയിലേക്ക് വരണം.”
‘1991 മുതല്‍ സുരേഷ് ഗോപിയെ എനിക്ക് അറിയാം. എംജിആറും ജയലളിതയും സിനിമാക്കാരാണ്. സിനിമയില്‍ നിന്ന് എത്രയോ പേര്‍ രാഷ്ട്രീയത്തിലെത്തി രാജ്യം ഭരിച്ചിട്ടുണ്ട്. സിനിമയില്‍ നിന്ന് വന്നത് കൊണ്ട് രാജ്യം ഭരിക്കാന്‍ പറ്റില്ലെന്ന് പറയാന്‍ സാധിക്കില്ല. അദ്ദേഹത്തെ ഞങ്ങള്‍ മുഖ്യമന്ത്രിയായിട്ടാണ് കാണുന്നത്. ഭാവിയിലൊരു മുഖ്യമന്ത്രിയായാല്‍ എന്താണ് കുഴപ്പമുള്ളത്. ഞങ്ങള്‍ ആഗ്രഹിക്കുന്നത് അദ്ദേഹം മുഖ്യമന്ത്രിയാകണമെന്നാണ്. നല്ല വിശ്വാസമുണ്ട്. എല്ലാവരും അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നും രാമസിംഹന്‍ പറഞ്ഞു.
ബിജെപിക്ക് എറ്റവും കൂടുതല്‍ വോട്ട് നേടി നല്‍കിയ വ്യക്തിയാണ് സുരേഷ് ഗോപി. തൃശൂരില്‍ അദ്ദേഹത്തിന് പ്രവര്‍ത്തിക്കാന്‍ ഒരു വര്‍ഷം കൊടുത്തിരുന്നെങ്കില്‍ ജയിച്ച് എംഎല്‍എയോ എംപിയോ ആകുമായിരുന്നു. അവസരം കൊടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന അധ്യക്ഷ പദവിയില്‍ കെ സുരേന്ദ്രന്റെ കാലാവധി അവസാനിക്കാന്‍ ഇരിക്കെ അഭ്യൂഹങ്ങള്‍ക്ക് ഇട നല്‍കിയാണ് സുരേഷ് ഗോപിയെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. രാജ്യസഭ കാലാവധി അവസാനിച്ചതിനു ശേഷം പൊതുരംഗത്ത് സജീവമല്ലായിരുന്നു സുരേഷ് ഗോപി. പാര്‍ട്ടി രംഗത്ത് സജീവമാകാന്‍ സുരേഷ് ഗോപിയോട് കേന്ദ്രം നേതൃത്വം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സുപ്രധാന ചുമതല നല്‍കിയത്.
സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് സുരേഷ് ഗോപിയെ പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ വര്‍ഷം ഡിസംബറില്‍ സുരേന്ദ്രന്റെ കാലാവധി അവസാനിക്കുമ്പോള്‍ സുരേഷ് ഗോപിയെ പകരക്കാരനായി തെരഞ്ഞെടുക്കാനാണ് കേന്ദ്ര ബിജെപി നേതൃത്വം ആലോചിക്കുന്നത്. സുരേഷ് ഗോപിയുടെ പൊതു സ്വീകാര്യത കേരളത്തില്‍ ബിജെപിക്ക് നേട്ടമാകും എന്നാണ് വിലയിരുത്തല്‍.