പത്തനംതിട്ട: കേരളം നടുങ്ങിയ മനുഷ്യ കുരുതിയുടെ കൂടുതല്‍ വിവരങ്ങള്‍ ഓരോരുത്തരേയും ഞെട്ടിക്കുകയാണ്. ഇലന്തൂരിലെ നരബലിക്കായി പ്രതികള്‍ ഇരയെ തേടിയിരുന്നു എന്ന് തെളിയിക്കുന്ന വിവരങ്ങള്‍ പുറത്ത്.
ഭഗവലിന്റേയും ലൈലയുടേയും കെണിയില്‍ നിന്നും നരബലിയില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട സംഭവം ഓര്‍ത്തെടുക്കുകയാണ് പത്തനം തിട്ട സ്വദേശിനി എസ് സുമ (45). ആദ്യത്തെ നരബലിക്ക് ശേഷം രണ്ടാമത്തെ ഇരയ്ക്കായി ഷാഫിയുടെ നിര്‍ദേശമനുസരിച്ച് ലൈലയും ഭഗവല്‍ സിങ്ങും തെരച്ചില്‍ നടത്തുന്നതിനിടെയാണ് സുമയെ ഇവര്‍ കെണിയില്‍ പെടുത്താന്‍ ശ്രമിച്ചത്.
പിന്നീട് സംഭവം നടന്ന് രണ്ടാഴ്ചക്കു ശേഷമാണ് പദ്മ കൊല്ലപ്പെട്ടത്. ഇക്കാര്യം ഇപ്പോള്‍ പോലീസ് പുറത്തുവിട്ടതോടെ അന്ന് ജീവന് രക്ഷപ്പെട്ടത് കഷ്ടിച്ചാണ് എന്ന് ഓര്‍ക്കുകയാണ് സുമ. അടൂര്‍ മഹാത്മ ജനസേവന കേന്ദ്രത്തിലെ കലക്ഷന്‍ ജീവനക്കാരിയായ സുമ ഇടപ്പോള്‍ ചരുവില്‍ വീട്ടില്‍ താമസക്കാരിയാണ്.
കഴിഞ്ഞ സെപ്റ്റംബര്‍ 10ന് സുമ കലക്ഷനു വേണ്ടി ഭഗവല്‍ സിങ്ങിന്റെയും ലൈലയുടെയും വീടിനു സമീപത്തു കൂടി നടന്നു പോവുന്നതിനിടെയാണ് ഇരുവരേയും കണ്ട്ത. നേരത്തെ ഇരുവരേയും സുമയ്ക്ക് പരിചയമില്ല.
ഉച്ചക്ക് രണ്ടു മണി കഴിഞ്ഞ സമയത്താണ് സുമ ഇതുവഴി പോയത്. റോഡ് വിജനമായിരുന്നു. ഒരു വീടിന്റെ മുന്‍ഭാഗത്തെ കാവിലേക്ക് നോക്കിയപ്പോള്‍ ഒരു സ്ത്രീയെ കണ്ടു. മോളെ…നീ ഭക്ഷണം കഴിച്ചതാണോ എന്നാണ് അവര്‍ കണ്ടയുടനെ ചോദിച്ചത്. ഇല്ലെന്നു പറഞ്ഞപ്പോള്‍ ഇവിടെ നിന്ന് കഴിക്കാമെന്ന് അവര്‍ പറഞ്ഞു.
എന്നാല്‍ വീട്ടില്‍ ചെന്നിട്ട് കഴിക്കാമെന്ന് സുമ പറഞ്ഞിട്ടും സ്ത്രീ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. എന്നാല്‍ സുമ ക്ഷണം നിരസിച്ചതോടെ വീട്ടിലേക്ക് കയറി കുറച്ച് വെള്ളമെങ്കിലും കുടിച്ചിട്ട് പോകാമെന്നായി ആ സത്രീ.
ഒരു പരിചയവുമില്ലാത്ത ഒരാള്‍ ഭക്ഷണത്തിന് ക്ഷണിക്കുന്നതില്‍ അസ്വാഭാവികത തോന്നിയ സുമ പെട്ടെന്നു തന്നെ അവിടെ നിന്ന് പോയി. ഇതിനിടെ, ജനസേവന കേന്ദ്രത്തിലേക്ക് സംഭാവനയായി 60 രൂപ നല്‍കുകയും ചെയ്തു. ബാബു എന്ന പേരിലാണ് അതിന്റെ രശീത് നല്‍കിയത്.
പിന്നീട് ഇരുവരും സംസാരിക്കുന്നതിനിടെ മുതിര്‍ന്ന ഒരാള്‍ പുറത്തേക്ക് വന്ന് നോക്കിയിരുന്നെന്നും സുമ പറയുന്നു. നരബലി വാര്‍ത്ത പുറത്തെത്തിയതോടെയാണ് ഭക്ഷണം കഴിക്കാന്‍ വിളിച്ച ആ സ്ത്രീയാണ് ലൈലയെന്നും വന്നുനോക്കിയ ആള് ഭഗവല്‍ സിങ്ങാണെന്നും സുമ തിരിച്ചറിഞ്ഞത്. ഏതായാലും ജീവന് രക്ഷപ്പെട്ട ആശ്വാസത്തിലാണ് ഈ യുവതി.
Discussion about this post