ശാസ്താംകോട്ട: ജപ്തി നോട്ടീസ് അയച്ച ബാങ്കിൽ തന്നെ 70 ലക്ഷം രൂപ സമ്മാനിച്ച ലോട്ടറി കൈമാറി മൈനാഗപ്പള്ളി ഷാനവാസ് മൻസിലിൽ പൂക്കുഞ്ഞിന്റെ മധുര പ്രതികാരം. യൂണിയൻ ബാങ്കിന്റെ (പഴയ കോർപ്പറേഷൻ ബാങ്ക്) കരുനാഗപ്പള്ളി കുറ്റിവട്ടം ശാഖയിൽനിന്നാണ് വായ്പ കുടിശ്ശികയുടെ ജപ്തി നോട്ടീസ് എത്തിയത്. ഇവിടെ തന്നെ സമ്മാനാർഹമായ ലോട്ടറിയും പൂക്കുഞ്ഞ് ഏൽപ്പിക്കുകയായിരുന്നു.
ഒൻപതുലക്ഷം രൂപയാണ് ഭവനവായ്പ കുടിശ്ശികയായി ഒടുക്കാനുള്ളത്. കൂടാതെ മറ്റ് കടങ്ങളുമുണ്ട്. ഇതെല്ലാം തീർത്ത് ചെറിയ ബിസിനസുമായി ജീവിതം മുന്നോട്ടുനീക്കാനാണ് ആഗ്രഹം. തുക ലഭിക്കുന്നതനുസരിച്ച് കാര്യങ്ങൾ നീക്കുമെന്ന് മുംതാസും പറഞ്ഞു. മീൻ കച്ചവടക്കാരനാണ് പൂക്കുഞ്ഞ്. ജപ്തി നോട്ടീസ് ലഭിച്ച് വിഷമിച്ചിരിക്കുമ്പോഴാണ് പൂക്കുഞ്ഞിനെ തേടി ഭാഗ്യദേവതയുടെ കടാക്ഷമെത്തിയത്.
ബുധനാഴ്ചയും മീൻവിറ്റുവരുന്നവഴിയിൽ മൈനാഗപ്പള്ളി പ്ലാമൂട്ടിൽ ചന്തയിൽ ചെറിയതട്ടിൽ ലോട്ടറി വിൽപ്പന നടത്തുന്ന വയോധികന്റെ കൈയിൽനിന്നാണ് ഉച്ചയ്ക്ക് ഒരു മണിയോടെ മൈനാഗപ്പള്ളി ഷാനവാസ് മൻസിലിൽ പൂക്കുഞ്ഞ് കേരള അക്ഷയ ലോട്ടറി എടുത്തത്. പിന്നാലെ രണ്ടുമണിയോടെ ബാങ്കിന്റെ ജപ്തിനോട്ടീസെത്തി.
വീടുവയ്ക്കുന്നതിന് ബാങ്കിൽനിന്ന് എട്ടുവർഷംമുമ്പ് 7.45 ലക്ഷം രൂപ വായ്പയെടുത്തത് കുടിശ്ശികയായി ഒൻപതുലക്ഷത്തിലെത്തി. നോട്ടീസ് കൈയിൽ വെച്ച് എന്തുചെയ്യണമെന്നറിയാതെ ദുഃഖമടക്കി കിടക്കുമ്പോഴാണ് താൻ എടുത്ത എ.ഇസഡ്. 907042 എന്ന ടിക്കറ്റിന് ഒന്നാംസമ്മാനം ലഭിച്ചെന്ന സഹോദരന്റെ വിളിയെത്തിയത്. ഇതോടെ സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും നിമിഷങ്ങൾ ആയിരുന്നു പൂക്കുഞ്ഞിന്. വിദ്യാർഥികളായ മുനിർ, മുഹ്‌സിന എന്നിവരാണ് മക്കൾ.