പത്തനംതിട്ട: കേരളത്തെ ഞെട്ടിച്ച ഇലന്തൂര്‍ ഇരട്ട നരബലി നടത്താന്‍ മുഖ്യപ്രതി
മുഹമ്മദ് ഷാഫി കൊല നടത്താന്‍ ആശ്രയിച്ചത് പ്രാചീന മത ചരിത്ര പുസ്തകങ്ങളെയാണ്. ലോകത്തിലെ പ്രാചീന മത വിശ്വാസങ്ങളെ കുറിച്ച് വിവരിക്കുന്ന ഒരു പുസ്തകം ഉറക്കെ വായിച്ച ശേഷമായിരുന്നു അതിക്രൂരമായി നരബലി നടത്തിയത്.
പ്രതികളായ ദമ്പതികളുടെ സാമ്പത്തിക ദുരാഗ്രഹങ്ങളെ മുതലെടുക്കുന്ന തരത്തിലായിരുന്നു ഷാഫിയുടെ ദുരൂഹ നീക്കങ്ങള്‍. വിവിധ മതങ്ങളിലെ രീതികള്‍ പൊതുവേ പറയുന്നുണ്ടെങ്കിലും ആഭിചാരം എങ്ങനെ നടത്തണമെന്നതിനെ സംബന്ധിച്ച് പുസ്തകത്തിലുണ്ടായിരുന്നില്ല. എന്നാല്‍ ലൈലയെയും ഭഗവല്‍ സിംഗിനെയും വിശ്വസിപ്പിക്കാന്‍ ഷാഫി പുസ്തകങ്ങളെയാണ് ആശ്രയിച്ചത്.
നരബലിക്കായി വിളക്ക് കത്തിക്കുകയോ, പൂജ നടത്തുകയോ യാതൊന്നും ചെയ്തിരുന്നില്ല. എന്നാല്‍ ഇതിലൊന്നും ദമ്പതികള്‍ക്ക് സംശയം തോന്നിയില്ല എന്നത് ശ്രദ്ധേയമാണ്. ഷാഫിയുടെ വാക്കുകളെ ഇവര്‍ കണ്ണൂം പൂട്ടി വിശ്വസിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ വെളിപ്പെടുത്തല്‍.
ശ്രീദേവി എന്ന പേരില്‍ ഭഗവല്‍ സിംഗില്‍ വിശ്വാസം നേടിയ ഷാഫി, അത് ഊട്ടി ഉറപ്പിക്കാന്‍ ഒരു ലൈംഗിക തൊഴിലാളിയുടെയും സഹായം തേടി. എറണാകുളം ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് കണ്ടെത്തിയ ലൈംഗിക തൊഴിലാളിയെ കൊണ്ട് ഫോണില്‍ ഭഗവല്‍ സിംഗിനെ വിളിപ്പിച്ചു.
ജീവിത പ്രശ്‌നങ്ങളും ശ്രീദേവി ഭഗവല്‍ സിംഗിനോട് പങ്കുവെച്ചു. ഗള്‍ഫില്‍ വെച്ച് ഭര്‍ത്താവ് കളളക്കേസില്‍ ജയിലിലായെന്നും തൂക്കിക്കൊല്ലാന്‍ വിധിച്ചെന്നുമായിരുന്നു ഷാഫിയുടെ നിര്‍ദേശ പ്രകാരം ശ്രീദേവി പറഞ്ഞത്. ഒടുവില്‍ ആഭിചാരത്തിന്റെ സഹായത്താല്‍ രക്ഷപ്പെട്ടുവെന്നും പറഞ്ഞു.
റോസാപ്പൂവ് പ്രൊഫൈല്‍ ചിത്രമായുളള ‘ശ്രീദേവി’യുമായി മൂന്ന് വര്‍ഷത്തോളമാണ് ഭഗവല്‍ സിംഗ് നിരന്തരം ചാറ്റ് നടത്തിയത്. ആ വിശ്വാസമായിരുന്നു ഷാഫിയുടെ ആയുധമെന്നാണ് പോലീസ് വിലയിരുത്തല്‍. ഒടുവില്‍ പോലീസ് ക്ലബ്ബില്‍ വെച്ച് ഷാഫിയാണ് ‘ശ്രീദേവി’ എന്ന് ഡിസിപി വെളിപ്പെടുത്തിയപ്പോഴാണ് ഭഗവല്‍ സിങ് നിജസ്ഥിതി അറിയുന്നത്.
‘തന്നെ വഞ്ചിച്ചല്ലോ’… എന്നായിരുന്നു ഇതിനോടുളള ഭഗവല്‍ സിങിന്റെ പ്രതികരണം. ഇതുകേട്ട് ലൈലയും തകര്‍ന്നു പോയെന്നും പിന്നീട് അവര്‍ പത്മയേയും റോസ്ലിയേയും എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന് വെളിപ്പെടുത്തിയെന്നും പോലീസ് പറഞ്ഞു.
Discussion about this post