പത്തനംതിട്ട: ഇലന്തൂര്‍ നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയും മൂന്നാം പ്രതി ലൈലയും ചേര്‍ന്ന് ഭഗവല്‍ സിംഗിനെയും കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. ലൈലയാണ് ചോദ്യം ചെയ്യലില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. റോസ്ലിയെ കൊലപ്പെടുത്തിയ ശേഷം ഭഗവല്‍ സിംഗ് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു. അതിനാല്‍ പത്മത്തിന്റെ കൊലയ്ക്ക് ശേഷം ഭഗവല്‍ സിംഗ് ഇക്കാര്യം ആരോടെങ്കിലും വെളിപ്പെടുത്തുമോ എന്ന ഭയമായിരുന്നു ഷാഫിക്കും ലൈലക്കും. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ഭഗവല്‍ സിംഗിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടു.
സ്വത്തുക്കള്‍ തട്ടിയെടുത്ത് ലൈലുമായി നാടുവിടാന്‍ ഷാഫി പദ്ധതിയിട്ടതായും പോലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍ ഇതിനിടയിലാണ്, പത്മത്തിന്റെ തിരോധാനം അന്വേഷിക്കുന്നതിനിടെ നിരന്തരം ഫോണില്‍ ബന്ധപ്പെട്ട നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഷാഫിയിലേക്ക് എത്തുകയായിരുന്നു. പിന്നാലെയാണ് നരബലിയുടെ ഞെട്ടിക്കുന്ന നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിക്കുന്നത്.
നരബലി കേസില്‍ മുഖ്യപ്രതി മുഹമ്മദ് ഷാഫി അടക്കം മൂന്നുപ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. മൂവരെയും ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി 12 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പോലീസിന്റെ ആവശ്യം. പ്രതികളെ രാവിലെ കോടതിയില്‍ ഹാജരാക്കാന്‍ മജിസ്‌ട്രേറ്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കൊല്ലപ്പെട്ട സ്ത്രീകളെ കൊണ്ടുപോയത് എറണാകുളത്ത് നിന്നായതിനാല്‍ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പ്രതികള്‍ സമാന രീതിയില്‍ മറ്റാരെയെങ്കിലും കെണിയില്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധന വേണമെന്നും പോലീസ് കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. റോസ്ലിയുടെയും പത്മത്തിന്റെയും ആഭരണങ്ങളും പ്രതികള്‍ പണയപ്പെടുത്തിയതായി വ്യക്തമായിട്ടുണ്ട്. അതിനാല്‍ ഇവ കണ്ടെടുക്കുന്നതിനുളള നടപടികളും പോലീസ് സ്വീകരിക്കും.
Discussion about this post