കൊല്ലം: വിടപറഞ്ഞ് ഒരു വർഷം പിന്നിടുന്ന വേളയിൽ രാഹുലിന് പ്രിയപ്പെട്ട പാലും ബിസ്‌കറ്റും ലെയ്‌സും ജ്യൂസുമായി അവനെ അടക്കം ചെയ്ത മണ്ണിലെത്തി കുടുംബം. പോയവർഷം കാലംതെറ്റിവന്ന മഴക്കാലത്ത് തോട്ടിൽവീണു ജീവൻ പൊലിഞ്ഞ നാടോടിബാലൻ രാഹുലിന്റെ കുടുംബമാണ് ബുധനാഴ്ച മുളങ്കാടകം ശ്മശാനത്തിലെത്തിയത്. അരളി പൂക്കൾ അർപ്പിച്ച് കണ്ണീരോടെയാണ് കുടുംബം മടങ്ങിയത്.
ഒക്ടോബർ 18-നാണ് രണ്ടുദിവസംനീണ്ട തിരച്ചിലിനൊടുവിൽ ഓടനാവട്ടത്ത് തോടിന്റെ കരയിൽനിന്ന് രാഹുലിന്റെ മൃതദേഹം കണ്ടെത്തിയത്. മൈസൂരുവിൽ നിന്നെത്തിയ ഇരുപതംഗ നാടോടിസംഘത്തിലെ ബാലനായിരുന്നു രാഹുൽ. മത്സ്യബന്ധനം നടത്തി ജീവിക്കുന്ന ഇവർ മിക്കവർഷങ്ങളിലും നെല്ലിക്കുന്നത്തെത്തി താമസിക്കാറുണ്ട്.
മറ്റു കുട്ടികൾക്കൊപ്പം കളിച്ചുകൊണ്ടിരുന്ന രാഹുൽ കടത്തിണ്ണയിൽനിന്ന് ഇറങ്ങി തോടിന്റെ ഭാഗത്തേക്ക് ഓടിയപ്പോൾ കാൽവഴുതി തോട്ടിൽ വീണതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം കൊല്ലം മുളങ്കാടകം ശ്മശാനത്തിലാണ് സംസ്‌കരിച്ചത്. ഇവിടേയ്ക്കാണ് മകന് പ്രിയപ്പെട്ട ആഹാരങ്ങളുമായി കുടുംബം എത്തിയത്. സഹോദരൻ സുനിലും ഒപ്പമുണ്ടായിരുന്നു.