എറണാകുളം: അസഭ്യം പറയുകയും തട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയും ചെയ്‌തെന്ന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് എതിരായി പരാതി നല്‍കിയ അധ്യാപികയ്ക്ക് എതിരെ എംഎല്‍എയുടെ ഭാര്യ. ഭര്‍ത്താവ് എല്‍ദോസിന്റെ ഫോണ്‍ അധ്യാപിക കവര്‍ന്നെന്നാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
എല്‍ദോസ് കുന്നപ്പിള്ളിയുടെ പേരില്‍ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തതിന് പിന്നാലെയാണ് യുവതി എല്‍ദോസിന്റെ ഫോണ്‍ മോഷ്ടിച്ചെന്ന് അദ്ദേഹത്തിന്റെ ഭാര്യ ആരോപിച്ചിരിക്കുന്നത്. എല്‍ദോസിന്റെ ഫോണ്‍ കവര്‍ന്നെന്നും അത് ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ എംഎല്‍എയെ അപമാനിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നുമാണ് ഭാര്യയുടെ പരാതി.
എറണാകുളം കുറുപ്പുമ്പടി പോലീസ് സ്റ്റേഷനിലാണ് പരാതി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ എംഎല്‍എയുടെ ഭാര്യയെ വിളിച്ചുവരുത്തി പോലീസ് കേസെടുത്തു. ഇക്കാര്യത്തിലും എല്‍ദോസ് കുന്നപ്പിള്ളി പ്രതികരിച്ചിട്ടില്ല. എംഎല്‍എയുടെ രണ്ട് ഫോണുകളും സ്വിച്ച് ഓഫാണ്. എല്‍ദോസ് എംഎല്‍എ ഓഫീസിലും വീട്ടിലും ഇല്ലെന്നാണ് മാധ്യമ റിപ്പോര്‍ട്ട്.
ഇതിനിടെ, എല്‍ദോസ് മുന്‍കൂര്‍ ജാമ്യത്തിനായി തിരുവനന്തപുരം സെഷന്‍സ് കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി ശനിയാഴ്ചത്തേക്ക് കേസ് മാറ്റിയതോടെയാണ് വിധി വരുന്നത് വരെ എംഎല്‍എ മുങ്ങിയത്.
ഇതിനിടെ, കുറ്റക്കാരനെങ്കില്‍ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷനേതാവ് വിഡി സതീശനും പറഞ്ഞിരുന്നു. തെറ്റുകാരനെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടിയില്‍നിന്ന് തന്നെ പുറത്താക്കും.