വിവാദങ്ങള്‍ക്കൊടുവില്‍ ഫാത്തിമ നൂറയ്ക്കും ആദില നസ്‌റിനും പ്രണയ സാക്ഷാത്കാരം. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ നൂറയും നസ്‌റിനും ജീവിതത്തിലും ഒരുമിച്ചിരിക്കുകയാണ്. ഇരുവരും തന്നെയാണ് ജീവിതത്തിലെ സന്തോഷ നിമിഷം പങ്കുവച്ചിരിക്കുന്നത്.
തന്റെ കൂടെയുള്ള ജീവിതം തിരഞ്ഞെടുത്തതിന് അഭിനന്ദനങ്ങള്‍ എന്ന് കുറിച്ചാണ് വിവാഹനിശ്ചയത്തിന്റെ മനോഹര ചിത്രങ്ങള്‍ ആദില പോസ്റ്റ് ചെയ്തു. ‘ഞങ്ങളുടെ ലക്ഷ്യം നിറവേറിയിരിക്കുന്നു; ഇനി എന്നും ഒരുമിച്ച്’ എന്ന് കുറിച്ച് നൂറയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു.
വിവാഹവസ്ത്രങ്ങളണിഞ്ഞ് അന്യോന്യം വിവാഹമാലയണിഞ്ഞും മോതിരം കൈമാറിയും കേക്ക് മുറിച്ചുമുള്ള ചിത്രങ്ങള്‍ക്കു താഴെ ഒട്ടേറെപ്പേരാണ് പിന്തുണ അറിയിച്ചും ആശംസകള്‍ നേര്‍ന്നും പ്രതികരിച്ചത്.
ബ്ലാക്ക് ആന്റ് സില്‍വര്‍ കോമ്പിനേഷനിലുള്ള ലെഹംഗയാണ് ആദില ചടങ്ങിന് ധരിച്ചത്. തവിട്ട് നിറത്തിലുള്ള ഡിസൈനര്‍ ലെഹംഗയായിരുന്നു ഫാത്തിമയുടെ വേഷം. ഇതിനൊപ്പം ഇരുവരും ഹെവി ഓര്‍ണമെന്റ്സും ഉപയോഗിച്ചിട്ടുണ്ട്.
ഇതിന് താഴെ നിരവധി പേരാണ് ഫാത്തിമയ്ക്കും ആദിലയ്ക്കും ആശംസകള്‍ അറിയിച്ച് പോസ്റ്റ് ചെയ്തിരിക്കുന്നത്. മനോഹരമായ ചിത്രങ്ങളാണെന്നും എന്നു ഇതുപോലെ സ്നേഹത്തില്‍ കഴിയാനാകാട്ടെ എന്നും ആളുകള്‍ പ്രതികരിച്ചു
കൂട്ടുകാരിയായ ഫാത്തിമ നൂറയ്‌ക്കൊപ്പം ജീവിക്കാന്‍ അനുമതി തേടി ആദില നസ്‌റിന്‍ നേരത്തെ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയിരുന്നു. തന്നോടൊപ്പം താമസിക്കാനെത്തിയ കോഴിക്കോട് സ്വദേശിനി ഫാത്തിമ നൂറയെ ബന്ധുക്കള്‍ പിടിച്ചുകൊണ്ടുപോയെന്നും ഫാത്തിമയെ കാണാനില്ലെന്നും കാണിച്ചായിരുന്നു നസ്‌റിന്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി ഇവര്‍ക്ക് ഒന്നിച്ചുജീവിക്കാനുള്ള അനുമതി നല്‍കിയിരുന്നു.
സൗദിയില്‍ പ്ലസ് ടു ക്ലാസ്സില്‍ ഒന്നിച്ച് പഠിക്കുന്നതിനിടെയാണ് നസ്‌റിനും നൂറയും പ്രണയത്തിലാകുന്നത്. വീട്ടുകാര്‍ വിവരമറിഞ്ഞതോടെ ബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് തമ്മില്‍ ബന്ധപ്പെടാന്‍ ശ്രമിക്കില്ലെന്ന വാഗ്ദാനം വീട്ടുകാര്‍ക്ക് നല്‍കുകയും നാട്ടിലെത്തി ഡിഗ്രി പഠനം പൂര്‍ത്തിയാക്കി ചെന്നൈയില്‍ ജോലി നേടിയെടുക്കുകയും ചെയ്തു.
നൂറയുടെ കുടുംബം ബന്ധത്തെ കുറിച്ചറിഞ്ഞ ശേഷം നസ്‌റിന് താക്കീത് നല്‍കിയിരുന്നെങ്കിലും വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചും ഇരുവരും സ്‌നേഹബന്ധം തുടരുകയായിരുന്നു. തുടര്‍ന്നാണ് കോഴിക്കോടുള്ള ഒരു സന്നദ്ധസംഘടനയില്‍ ഇരുവരും അഭയം തേടിയത്. പിന്നീട് നസ്‌റിന്റെ വീട്ടിലേക്ക് വന്ന നൂറയെ ബന്ധുക്കള്‍ ബലമായി കൂട്ടിക്കൊണ്ടുപോയതോടെയാണ് ആദില നസ്‌റിന്‍ നിയമസഹായം തേടുന്നത്.