കടയ്ക്കല്‍: ബഹുനില കെട്ടിടത്തിന്റെ മുകളില്‍ നിന്നും സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേറ്റ് മലയാളി യുവാവ് മരിച്ചു. കടയ്ക്കല്‍ പെരിങ്ങാട് തേക്കില്‍ തെക്കേടത്തുവീട്ടില്‍ ബിലുകൃഷ്ണന് (30) ആണ് മരിച്ചത്.
ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്. ദുബായിലെ കമ്പനിയില്‍ സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്യുകയായിരുന്നു ബിലുകൃഷ്ണന്. സുഹൃത്തായ പഞ്ചാബ് സ്വദേശിയെ അപകടത്തില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിന്റെ രണ്ടാംനിലയില്‍നിന്നു ഇരുവരും ഒരുമിച്ച് താഴെവീഴുകയായിരുന്നു.
വീഴ്ച്ചയില്‍ സാരമായി പരിക്കേറ്റ് ബിലുകൃഷ്ണന് തത്ക്ഷണം മരിച്ചു. സുഹൃത്ത് സാരമായ പരിക്കുകളോടെ ചികിത്സയില്‍ തുടരുകയാണ്. റിട്ട. എസ്ഐ പരേതനായ ബാലകൃഷ്ണപിള്ളയുടെ മകനാണ് ബിലുകൃഷ്ണന്.
അച്ഛന്റെ മരണം നാല് മാസം മുന്‍പായിരുന്നു. അന്ന് മരണാനന്തരച്ചടങ്ങുകളില്‍ പങ്കെടുക്കാനാണ് ബിലുകൃഷ്ണന് അവസാനമായി നാട്ടിലെത്തിയത്. ഒരുവര്‍ഷംമുമ്പാണ് വിവാഹിതനായത്. ഭാര്യ: ലക്ഷ്മി. മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.