പത്തനംതിട്ട: ഇലന്തൂര്‍ നരബലി കേസില്‍ പ്രതികളായ ഭഗവല്‍ സിങ്ങ്-ലൈല ദമ്പതികളുടെ വീട്ടില്‍ നിന്ന് മൃതദേഹം കണ്ടെത്തി. കഷ്ണങ്ങളാക്കി കുഴിച്ചിട്ടനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ പത്മത്തിന്റെ മൃതദേഹമെന്നാണ് സൂചന. ഔദ്യോഗികമായി സ്ഥിരീകരിക്കണമെങ്കില്‍ ഡിഎന്‍എ പരിശോധനാഫലം വരേണ്ടതുണ്ട്. 20 കഷ്ണങ്ങളാക്കി മുറിച്ച ശേഷം മൃതദേഹാവശിഷ്ടങ്ങള്‍ക്ക് മേല്‍ ഉപ്പ് വിതറിയാണ് കുഴിച്ചിട്ടത്. 20 കഷ്ണങ്ങളോളം കണ്ടെത്തിയിട്ടുണ്ട്.
ഇതേ പറമ്പിലെ മറ്റൊരു ഭാഗത്താണ് റോസ്ലിന്റെ മൃതദേഹവും കുഴിച്ചിട്ടിരിക്കുന്നത്. മൃതശരീരം കുഴിച്ചിട്ടതായി പ്രതികള്‍ പറഞ്ഞ സ്ഥലത്താണ് പോലീസ് പരിശോധന നടത്തി മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി പുറത്തെടുത്തത്. റവന്യൂ ഉദ്യോഗസ്ഥര്‍ അടക്കം എത്തിയാണ് പരിശോധന നടത്തിയത്.
പ്രതികള്‍ നല്‍കിയ സൂചനയുടെ അടിസ്ഥാനത്തിലാണ് പത്മയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് മനസ്സിലാക്കിയത്. ഇതിന് ഔദ്യോഗിക സ്ഥിരീകരണമുണ്ടാകണമെങ്കില്‍ ശാസ്ത്രീയ പരിശോധന നടത്തേണ്ടതുണ്ട്. മൃതദേഹങ്ങള്‍ കുഴിച്ചിട്ട ശേഷം അതിന് മുകളിലായി മഞ്ഞള്‍ നട്ടിരുന്നു. പത്മം, റോസ്ലിന്‍ എന്ന രണ്ടു സ്ത്രീകളെയാണ് ഇലന്തൂരില്‍ നരബലി നല്‍കിയത്.
ഡിഎന്‍എ പരിശോധനാ ഫലം വന്ന ശേഷം മാത്രമേ ശരീരാവശിഷ്ടങ്ങള്‍ പത്മത്തിന്റേതാണോ എന്ന് സ്ഥിരീകരിക്കാന്‍ സാധിക്കൂ. കോട്ടയം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഡിഎന്‍എ പരിശോധനയ്ക്ക് ആവശ്യമായ സാമ്പിളുകള്‍ ശേഖരിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ക്ക് രണ്ടാഴ്ചത്തെ പഴക്കമുണ്ടെന്ന് കൊച്ചി ഡിസിപി പറഞ്ഞു.
ഐശ്വര്യവും സാമ്പത്തിക അഭിവൃദ്ധിയുമുണ്ടാകാനാണ് ഭഗവല്‍ സിങ്, ഭാര്യ ലൈല, ഷാഫി എന്നിവര്‍ ചേര്‍ന്ന് നരബലി ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. നിലവില്‍ ഇവര്‍ മൂവരും പോലീസ് കസ്റ്റഡിയിലാണ്. പത്മയെയും റോസ്ലിനെയും കൊച്ചിയില്‍ നിന്ന് കടത്തിക്കൊണ്ടുപോയ ശേഷം തിരുവല്ലയില്‍ എത്തിച്ച് തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
ഇലന്തൂരിലെ തിരുമ്മുവൈദ്യനാണ് ഭഗവല്‍ സിങ്. പെരുമ്പാവൂര്‍ സ്വദേശിയായ ഷാഫി എന്നയാളാണ് ഇവര്‍ക്കായി സ്ത്രീകളെ എത്തിച്ചുനല്‍കിയത്. ഇയാളാണ് സംഭവത്തില്‍ ഏജന്റായി പ്രവര്‍ത്തിച്ചതെന്നും മൂന്നുപേരും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നുമാണ് പോലീസ് പറയുന്നത്. ഇതേ പറമ്പില്‍ തന്നെ കുഴിച്ചിട്ടിരിക്കുന്ന റോസ്ലിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ക്കായുള്ള പരിശോധന അല്‍പ്പസമയത്തിനകം ആരംഭിക്കും.
Discussion about this post