തിരുവല്ല: രണ്ട് സ്ത്രീകളെ കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവം നരബലി തന്നെയെന്ന് സംശയിക്കുന്നതായി ദക്ഷിണമേഖലാ ഐജി പി പ്രകാശ്. കൊല്ലപ്പെട്ടവരെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടുപോയതാകാനാണ് സാധ്യത. കൂടുതല്‍ ഇരകള്‍ ഉണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും ഐജി പ്രതികരിച്ചു. കൊച്ചി പൊന്നുരുന്നി സ്വദേശി പത്മം, കാലടി സ്വദേശിനി റോസ്‌ലി എന്നിവരാണ് മരിച്ചത്.
സംഭവത്തില്‍ മൂന്നുപേരെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍, ഭാര്യ ലൈല, സഹായി ഷാഫി എന്നും ശിഹാബ് എന്നും വിളിക്കുന്ന റഷീദ് എന്നിവരാണ് പിടിയിലായത്. ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതായും കണ്ടെത്തിയിട്ടില്ലെന്നും പോലീസ് പറയുന്നു.
അതേസമയം, മൂന്നു ജില്ലകളിലെ പോലീസ് സംയുക്തമായി കേസ് അന്വേഷിക്കുമെന്നും ഐജി പി പ്രകാശ് പറഞ്ഞു. സാമ്പത്തിക നേട്ടത്തിന് വേണ്ടി അതിക്രൂരമായ രീതിയിലാണ് കൊലപാതം നടത്തിയതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സിഎച്ച് നാഗരാജു അറിയിച്ചു.
സമ്പല്‍സമൃദ്ധിയുണ്ടാകുമെന്ന് ധരിച്ച് കൊച്ചിയില്‍നിന്ന് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി നരബലി നടത്തിയ കേസ് ഇന്ന് ഉച്ചയോടെയാണ് പുറംലോകമറിഞ്ഞത്. സംഭവത്തില്‍ മൂന്നുപേര്‍ പിടിയിലായിട്ടുണ്ട്. ഭഗവത് സിങ്-ലൈല ദമ്പതികള്‍ക്ക് ഐശ്വര്യമുണ്ടാകാന്‍ ഷാഫി സ്ത്രീകളെ എത്തിച്ച് നരബലിക്ക് വിധേയരാക്കിയെന്നാണ് പ്രാഥമിക നിഗമനം.