ഇലന്തൂര്‍: കേരളത്തിലും നരബലി നടന്നെന്ന വാര്‍ത്തയറിഞ്ഞ് ഞെട്ടിലലാണ് ഓരോ മലയാളിയും. പത്തനംതിട്ട ഇലന്തൂര്‍ നിവാസികള്‍ക്ക് ഇനിയും തങ്ങളുടെ അയല്‍ക്കാര്‍ ഇത്തരത്തിലൊരു ക്രൂരത ചെയ്തെന്ന് വിശ്വസിക്കാനാകുന്നില്ല.
പത്തനംതിട്ട ഇലന്തൂരില്‍ വൈദ്യവും തിരുമ്മല്‍ കേന്ദ്രവും ഒപ്പം പൂജയും മന്ത്രവും ഒക്കെയായി സാധാരണ കുടുംബത്തെ പോലെയാണ് ഭഗവലും ഭാര്യയും ജീവിച്ചിരുന്നത്. തങ്ങള്‍ക്കെല്ലാം സുപരിചിതരായ ഇവരുടെ വീട്ടില്‍ നരബലി നടന്നുവെന്ന് നാട്ടുകാര്‍ക്ക് ഇനിയും വിശ്വസിക്കാനാകുന്നില്ല.
ഇലന്തൂരില്‍ പണ്ട് മുതലേ താമസിക്കുന്നവരാണ് ഭഗവലും ലൈലയുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു. ഭഗവലിന്റെ അച്ഛന് പ്രദേശത്തെ പ്രസിദ്ധനായ തിരുമ്മലുകാരനായിരുന്നു. ഇവിടെ വലിയ ഒഴിഞ്ഞ പറമ്പിലാണ് ഭഗവലും ഭാര്യയും താമസിക്കുന്ന വീട് നില്‍ക്കുന്നത്. വീടിന് തൊട്ടടുത്തായി ഒരു കാവുണ്ട്. ഇവിടെയാണ് നരബലിയുമായി ബന്ധപ്പെട്ട പൂജ നടന്നത്. ശേഷം വീടിന് പിന്നിലുള്ള ഒഴിഞ്ഞ പറമ്പില്‍ കൊലപാതകം നടത്തി മൃതദേഹം കുഴിച്ചിടുകയായിരുന്നു. കൊല്ലപ്പെട്ട സ്ത്രീകളുടെ മൃതദേഹം കണ്ടെത്താനായി വീടിന് പിന്നിലെ പറമ്പില്‍ പോലീസിന്റെ നേതൃത്വത്തില്‍ കുഴിച്ചുകൊണ്ടിരിക്കുകയാണ്.
ഭഗവലിനെ കുറിച്ച് നല്ല അഭിപ്രായം മാത്രമേ നാട്ടിലുണ്ടായിരുന്നുള്ളു. വീട്ടില്‍ പൂജയും മന്ത്രവുമെല്ലാം നടക്കുന്നുണ്ടെന്ന് അറിയാമായിരുന്നെങ്കിലും ദുര്‍മന്ത്രബവാദത്തെ കുറിച്ച് സൂചനകളില്ലായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു.
ഇന്നു രാവിലെയാണ് തിരുവല്ലയില്‍ നരബലി നടന്നുവെന്ന വാര്‍ത്ത പോലീസ് വൃത്തങ്ങള്‍ പുറത്തുവിട്ടത്. ഐശ്വര്യവും സമ്പത്തും ലഭ്യമാകാനുള്ള സര്‍വൈശ്വര്യ പൂജയ്ക്ക് വേണ്ടി എറണാകഉളത്തുനിന്നും 2 സ്ത്രീകളെ കടത്തിക്കൊണ്ടുവരികയായിരുന്നു. തുടര്‍ന്ന് കഴുത്തറുത്ത് കൊലപ്പെടുത്തിയ മൃതദേഹം കുഴിച്ചിട്ടെന്നാണ് പ്രതികള്‍ നല്‍കിയിരിക്കുന്ന മൊഴി.
കൊച്ചി കടവന്ത്രയില്‍ ലോട്ടറി വില്‍പ്പനക്കാരിയായ പത്മയും കാലടി സ്വദേശിനി റോസ്ലിയുമാണ് കൊല്ലപ്പെട്ടത്. പത്മയെ കാണാതായെന്ന പരാതി അന്വേഷിച്ച പോലീസാണ് നരബലിയെ കുറിച്ചുള്ള കണ്ടെത്തലിലേക്ക് എത്തിയത്.
പത്മയുടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പോലീസിനെ തിരുവല്ലയില്‍ എത്തിച്ചത്. പിന്നീടാണ് സമാന രീതിയില്‍ കാലടിയില്‍ നിന്ന് മറ്റൊരു സ്ത്രീയേയും കാണാതായെന്ന് പോലീസ് കണ്ടെത്തിയത്. ജൂണ്‍ മാസമാണ് തൃശൂര്‍ സ്വദേശിനിയായ റോസ്ലിയെ കാലടിയില്‍ നിന്ന് കാണാതാകുന്നത്.
Discussion about this post