‘സന്ദീപ് വാര്യരെ നീക്കം ചെയ്തെന്നത് സത്യം, പക്ഷെ എന്റെ വായില്‍ നിന്ന് എന്തെങ്കിലും കേള്‍പ്പിക്കാമെന്ന് വിചാരിക്കേണ്ട’: കെ സുരേന്ദ്രന്‍

കോട്ടയം: പരാതിയെ തുടര്‍ന്ന് സന്ദീപ് വാര്യരെ ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് നീക്കി. ഇതിന് പിന്നാലെ പ്രതികരണം ആരാഞ്ഞെങ്കിലും മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്നും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഒഴിഞ്ഞുമാറി.

”സന്ദീപ് വാര്യരുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് സംഘടനയ്ക്ക് ചില കാഴ്ചപാടുകളുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ വക്താവ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. എന്റെ വായില്‍ നിന്ന് എന്തെങ്കിലും കേള്‍പ്പിക്കാമെന്ന് നിങ്ങള്‍ വിചാരിക്കേണ്ട. സന്ദീപ് വാര്യരെ നീക്കം ചെയ്തെന്നത് സത്യമാണ്.”-കെ സുരേന്ദ്രന്‍ പറഞ്ഞു.

ഇന്നലെ കോട്ടയത്ത് ചേര്‍ന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിലാണ് സന്ദീപിനെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്. നടപടി ഉറപ്പായതോടെ സന്ദീപ് വാര്യര്‍ ഭാരവാഹി യോഗത്തില്‍ പങ്കെടുക്കാതെ മടങ്ങി.

also read- ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രി ചെല്ലോ ഷോയിലെ പ്രധാന താരം രാഹുല്‍ കോലി അന്തരിച്ചു

ബിജെപിയുടെ വിവിധ ജില്ലാ നേതൃത്വങ്ങളുടെ പരാതിയെ തുടര്‍ന്നാണ് സന്ദീപിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. അനധികൃത സാമ്പത്തിക പിരിവ് നടത്തിയത് ഉള്‍പ്പടെയുള്ള പരാതികളാണ് സന്ദീപിനെതിരെ വയനാട്, മലപ്പുറം, തൃശൂര്‍, പാലക്കാട് എന്നീ ജില്ലാ അധ്യക്ഷന്‍മാര്‍ ഉന്നയിച്ചിരിക്കുന്നത്.

ഈ പരാതികള്‍ കോര്‍ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തശേഷമാണ് നടപടിയിലേക്ക് കടന്നത്. അതേസമയം, എന്നാല്‍ ആഭ്യന്തര കാര്യമായതിനാല്‍ കാരണം പരസ്യപ്പെടുത്തുന്നില്ല എന്നാണ് പാര്‍ട്ടി നിലപാട്. സാമ്പത്തിക ആരോപണങ്ങള്‍ കൂടാതെ ബിജെപിക്കുള്ളിലെ വിഭാഗീയതയും നടപടിക്ക് കാരണമായെന്നാണ് വിവരം.

Exit mobile version