പുത്തൂർ: വിവാഹാഭ്യർഥന നിരസിച്ചതിന്റെ പേരിൽ യുവതിയെ മർദ്ദിച്ച് യുവാവ്. പട്ടികജാതി യുവതിയെ വിജനമായ പുരയിടത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി കെട്ടിയിട്ട് മർദിക്കുകയായിരുന്നു. സംഭവത്തിൽ കൊലപാതക ശ്രമം കണക്കിലെടുത്ത് എസ്.എൻ.പുരം ലാൽസദനിൽ 33 കാരനായ ലാലുമോനെ പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. പുത്തൂരിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി ജോലികഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്.
കരിയില വായിൽ കുത്തിനിറച്ചായിരുന്നു ലാലുമോന്റെ കൊടുംക്രൂരത. ഇതിനിടെ കെട്ടഴിച്ച് ഓടിരക്ഷപ്പെടാൻ ശ്രമിക്കവേ യുവാവ് പിന്നാലെയെത്തി വീണ്ടും പിടികൂടി. അതുവഴി നാട്ടുകാരനായ ഒരാൾ വന്നതോടെ ലാലു പിന്മാറുകയും യുവതി ഓടി രക്ഷപ്പെടുകയുമായിരുന്നു.
വീട്ടിലെത്തിയ യുവതി അമ്മയുമായി പുത്തൂർ സ്റ്റേഷനിലെത്തി പരാതി നൽകിയശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നാലുമാസം മുമ്പ് ലാലു യുവതിയെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയെന്ന് പരാതി ലഭിച്ചിരുന്നതായി പോലീസ് പറഞ്ഞു.
Discussion about this post