തൃശ്ശൂര്‍: വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അന്തരിച്ച മുതിര്‍ന്ന പരിസ്ഥിതി പ്രവര്‍ത്തകനും ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകനുമായിരുന്ന ഡോ. എ അച്യുതന്റെ കുറിപ്പും അദ്ദേഹത്തിന്റെ ജീവിതം പോലെ മാതൃകയാകുന്നു.
മരണത്തിന് ശേഷം ഒട്ടും വൈകിക്കാതെ തന്റെ ശരീരം കോഴിക്കോട് മെഡിക്കല്‍ കോളേജിന് നല്‍കണമെന്നും ഇതിനായുള്ള പേപ്പറുകള്‍ മകളുടെകൈയ്യിലുണ്ടെന്നും അന്തരിച്ച മുതിര്‍ന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. എ അച്യുതന്റെ കുറിപ്പില്‍ പറയുന്നു.
ശാസ്ത്രത്തില്‍ അടിയുറച്ച് വിശ്വസിച്ച അദ്ദേഹം മരണശേഷവും അത് തുടരാന്‍ തന്നെയാണ് ആഗ്രഹിച്ചത്. തന്റെ മരണ ശേഷം ശരീരം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊടുക്കണം. പൊതുഗര്‍ശനം വേണ്ടെന്നും, നിലത്തിറക്കല്‍, വിളക്കുവെക്കല്‍, കുളിപ്പിക്കല്‍ എന്നിവ ചെയ്യരുതെന്നും മകന്‍ അരുണ്‍ കാനഡയില്‍ നിന്ന് എത്താന്‍ കാക്കരുതെന്നും അച്യുതന്‍ നിര്‍ദേശിച്ചിരുന്നു.
‘വീട്ടുകാരെ ശല്യപ്പെടുത്താതിരിക്കാനും ട്രാഫിക് ജാം ഒഴിവാക്കാനും അടുപ്പമുള്ള ചിലരൊഴികെ ആരും വീട്ടില്‍ വരേണ്ടതില്ല. ആശുപത്രിയില്‍ വെച്ചാണ് മരണമെങ്കില്‍ ശരീരം വീട്ടിലേക്ക് കൊണ്ടുവരേണ്ടതില്ല.
ശരീരദാനത്തിനുള്ള കടലാസുകള്‍ എന്റെ മകള്‍ മഞ്ജുളയുടെ കൈയിലുണ്ട്. ശരീരത്തില്‍ പുഷ്പചക്രം വെക്കുകയോ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെന്ന പേരില്‍ പ്രദര്‍ശിപ്പിക്കുകയോ ചെയ്യരുത്.
എന്റെ ബയോഡാറ്റ അടുത്ത സുഹൃത്തുക്കള്‍ക്ക് കൊടുത്തിട്ടുണ്ട്. മകളുടെ കൈയില്‍ ഒരു കോപ്പിയുണ്ട്.’- എന്നാണ് ഡോ. അച്യുതന്‍ കുറിപ്പില്‍ പറയുന്നത്. അടുത്ത ബന്ധുമിത്രങ്ങള്‍ക്ക് എന്ന തലക്കെട്ടില്‍ 2018 ഡിസംബര്‍ 19ന് തയ്യാറാക്കിയ കുറിപ്പാണിത്.
കാനഡയിലുള്ള മകന്‍ എത്തും വരെ കാത്തു നില്‍ക്കേണ്ടതില്ലെന്ന് എഴുതിയിരുന്നെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യ നില മോശമായതോടെ ഞായറാഴ്ച അരുണ്‍ നാട്ടിലെത്തിയിരുന്നു. മരണ ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ മൃതദേഹം ചൊവ്വാഴ്ച രാവിലെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും.
ഐസിയുവില്‍ നിന്ന് മോര്‍ച്ചറിയിലേക്ക് മാറ്റുമ്പോഴാണ് അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ദേഹം കാണാനായതെന്ന് പ്രൊഫ. കെ ശ്രീധരന്‍ പറഞ്ഞു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടന്ന് കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അച്യുതന്‍ തിങ്കളാഴ്ച ഉച്ചക്ക് 12.50 ഓടെയാണ് മരണപ്പെട്ടത്.
വിസ്‌കോണ്‍സ് സര്‍വകലാശാലയില്‍ നിന്ന് സിവില്‍ എന്‍ജിനിയറിങ്ങില്‍ ബിരുദാനന്തര ബിരുദവും മദ്രാസ് ഐഐടി യില്‍ നിന്ന് ഡോക്ടറേറ്റും നേടിയ അച്യുതന്‍ പൊതുമരാമത്ത് വകുപ്പിലും ജോലി ചെയ്തിരുന്നു.
പ്ലാച്ചിമട ജനകീയ അന്വേഷണ കമീഷന്‍, എന്‍ഡോസള്‍ഫാന്‍ അന്വേഷണ കമ്മീഷന്‍ തുടങ്ങിയവയില്‍ അംഗമായിരുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കോഴിക്കോട് ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ശാസ്ത്രഗതി, ഒരേ ഒരു ഭൂമി എന്നീ ആനുകാലികങ്ങളുടെ പത്രാധിപരായിരുന്നു.
തൃശ്ശൂര്‍ ഇരിങ്ങാലക്കുട അവിട്ടത്തൂരില്‍ ഇക്കണ്ടവാര്യരുടെയും മാധവി വാരസ്യാരുടെയും മകനായി 1933 ഏപ്രില്‍ ഒന്നിനാണ് ജനനം. 2014ല്‍ ‘പരിസ്ഥിതിപഠനത്തിന് ഒരാമുഖം’ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെ വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.