ടൂറിസ്റ്റ് ബസ് ഇല്ലെങ്കിലെന്താ കെഎസ്ആര്‍ടിസി ബസില്‍ അടിച്ചുപൊളിച്ചൊരു യാത്ര: മാതൃകയായി വിളക്കുമാടം സെന്റ് ജോസഫ് സ്‌കൂള്‍

കോട്ടയം: വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തിന് പിന്നാലെ കെഎസ്ആര്‍ടിസി ബസില്‍ വിദ്യാര്‍ഥികള്‍ക്കായി വിനോദ യാത്ര ഒരുക്കി മാതൃകയായി കോട്ടയം വിളക്കുമാടം സെന്റ് ജോസഫ് എച്ച്എസ്എസ്. ഇവിടുത്തെ 30 കുട്ടികളും അധ്യാപകരും വാഗമണ്‍ ടൂര്‍ പോയത് കെഎസ്ആര്‍ടിസി ബസില്‍ ആണ്.

ദിവസങ്ങള്‍ നീളുന്ന വലിയ യാത്രയൊന്നും അല്ല സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നിശ്ചയിച്ചതെങ്കിലും ചെറിയ യാത്ര പോലും സുരക്ഷിതമാകണം എന്ന ലക്ഷ്യത്തിലാണ് സ്‌കൂള്‍ കെഎസ്ആര്‍ടിസി ബസില്‍ യാത്രയ്ക്ക് തയ്യാറായത്.

വിദ്യാര്‍ഥികളോട് വിനോദയാത്രയുടെ ഉണ്ടെന്ന് നേരത്തെ അറിയിച്ചിരുന്നു സ്‌കൂള്‍ അധികൃതര്‍. കുട്ടികള്‍ അതിന്റെ ആവേശത്തിലായിരിക്കുമ്പോഴാണ് എറണാകുളത്തെ വിദ്യാര്‍ഥികളുമായി വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ടത്. ഇതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ വിളക്കുമാടം സ്‌കൂള്‍ ബുക്ക് ചെയ്ത ബസിനെതിരെയും നടപടി വന്നു.

എന്നാല്‍ കുട്ടികള്‍ക്ക് വിനോദയാത്ര സംബന്ധിച്ച് നല്‍കിയ വാഗ്ദാനം പാലിക്കാന്‍ തന്നെ സ്‌കൂള്‍ അധികൃതര്‍ ഉറച്ചു. കെഎസ്ആര്‍ടിസി ബസുകള്‍ സ്വകാര്യ ടൂറുകള്‍ക്ക് വിട്ടുകൊടുക്കുന്ന സംവിധാനം മനസിലാക്കിയ സ്‌കൂള്‍ അധികൃതര്‍ കെഎസ്ആര്‍ടിസി പാല ഡിപ്പോയെ ബന്ധപ്പെട്ടു. ഡിപ്പോയില്‍ നിന്നും അംഗീകാരം കിട്ടിയതോടെ കെഎസ്ആര്‍ടിസിയുടെ ഫാസ്റ്റ് പാസഞ്ചറായി സര്‍വീസ് നടത്തുന്ന ബസിലായിരുന്നു സെന്റ് ജോസഫ്സ് എച്ച്എസ്എസിലെ വിദ്യാര്‍ഥികളുടെ വിനോദയാത്ര നടന്നത്.

രാവിലെ 8.30-ഓടെ സ്‌കൂളില്‍ നിന്ന് ആരംഭിച്ച് വാഗമണ്ണിലെ സൂയിസൈഡ് പോയന്റ് പൈന്‍ ഫോറസ്റ്റ്, മുട്ടക്കുന്ന്, അഡ്വഞ്ചറസ് പാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങള്‍ കണ്ട് വൈകീട്ടോടെ സ്‌കൂള്‍ മടങ്ങിയെത്തി വിദ്യാര്‍ത്ഥികള്‍. നേരത്തെ നിശ്ചയിച്ച ടൂറിസ്റ്റ് ബസിന് വേണ്ടുന്ന വാടകയെക്കാള്‍ ചെറിയ വ്യത്യാസം ഉണ്ടായിരുന്നെങ്കില്‍ വ്യത്യസ്ത അനുഭവമായിരുന്നു യാത്ര എന്നാണ് കുട്ടികള്‍ പറയുന്നത്.

Exit mobile version