തെരുവ് നായ്ക്കളുടെ അക്രമചെയ്തികള്‍ വാര്‍ത്തകളില്‍ നിറഞ്ഞ് ദിനംപ്രതി ചര്‍ച്ചയാകുമ്പോള്‍ ഇപ്പോഴിതാ കാടുവിട്ടു നാട്ടില്‍ പെരുകുന്ന മയിലുകളേയും പേടിക്കേണ്ട അവസ്ഥയാണ്. കാട്ടുപന്നികളെപ്പോലെ നേരിട്ട് മനുഷ്യരെയും വളര്‍ത്തുമൃഗങ്ങളെയും ആക്രമിച്ച് പരിക്കേല്പ്പിക്കുന്ന അപകടകാരികളായിരുന്നില്ല ഇതുവരെയും മയിലുകള്‍. എന്നാല്‍ ഇപ്പോള്‍ മയിലുകളും ആക്രമിക്കും എന്നു തെളിയിച്ചിരിക്കുകയാണ്.
കാസര്‍ഗോഡ് കാഞ്ഞങ്ങാട് ആണ് സംഭവം. വീട്ടുമുറ്റത്ത് പാറിയിറങ്ങിയ മയിലിന്റെ ശക്തമായ കൊത്തില്‍ മാരകമായി പരിക്കേറ്റത് മിക്കിയെന്ന വളര്‍ത്തുനായയ്ക്കായിരുന്നു. കാഞ്ഞങ്ങാടിനടുത്ത പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ കാര്‍ഷികഗ്രാമമായ കൊടവലം സ്വദേശിയായ അനീഷിന്റെ ഓമനയാണ് മിക്കി എന്ന ഒരു വയസ്സുള്ള സ്പിറ്റ്സ് ഇനം നായ.
വലതുകണ്ണിനേറ്റ ശക്തമായ കൊത്തില്‍ കണ്ണ് തകര്‍ന്ന് കോര്‍ണിയ ഉള്‍പ്പെടെ നേത്രഗോളം മുഴുവനും പുറത്തുചാടി. വേദനയില്‍ പിടഞ്ഞ മിക്കിക്ക് കാഞ്ഞങ്ങാട് ഗവണ്മെന്റ് വെറ്ററിനറി ഹോസ്പിറ്റലില്‍ അനീഷ് ചികിത്സ തേടി എത്തി.
കണ്ണിന്റെ നേത്രഗോളം പൂര്‍ണമായും പുറത്തുചാടിയ സാഹചര്യത്തില്‍ മിക്കിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കാനായിരുന്നു ഡോക്ടര്‍മാരുടെ തീരുമാനം. മാരകമായി മുറിവേറ്റ ഭാഗം വൃത്തിയാക്കി അനസ്തീഷ്യ നല്‍കിയതോടെ സര്‍ജറിക്ക് തുടക്കമായി. ടാര്‍സോറാഫി എന്ന് വിളിക്കുന്ന അടിയന്തര സര്‍ജറിയാണ് ഇത്തരം സാഹചര്യങ്ങളില്‍ ചെയ്യുക.
പുറത്തേക്കു തള്ളിയ നേത്രഗോളം സാധാരണ നിലയിലേക്കിയ ശേഷം കണ്പോളകള് പരസ്പരം താല്കാലികമായി തുന്നിചേര്‍ത്ത് കണ്പോളകളുടെ ദ്വാരം ഇടുങ്ങിയതാക്കുന്ന ഒരു ശസ്ത്രക്രിയരീതിയാണിത്. കോര്‍ണിയ എക്സ്പോഷര്‍ കേസുകളില്‍ കോര്‍ണിയയെ സംരക്ഷിക്കാനും മുറിവുണക്കം ത്വരിതപ്പെടുത്തി കണ്ണിനേറ്റ പരിക്ക് ഭേദമാവുന്നത് വേഗത്തിലാക്കാനും ഈ ശസ്ത്രക്രിയ ചെയ്യാവുന്നതാണ്.
ഇത്തരം സന്ദര്‍ഭങ്ങളില്‍ മനുഷ്യരില്‍ ചെയ്യുന്നതും ഇതേ ചികിത്സ രീതി തന്നെയാണ്. കാഞ്ഞങ്ങാട് വെറ്ററിനറി ഹോസ്പിറ്റലിലെ ഡോക്ടര്‍മാരായ ഡോ. എസ്.ജിഷ്ണുവിന്റെയും ഡോ. ബിജിന മുരളീധരന്റെയും നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഹോസ്പിറ്റല്‍ അറ്റന്റന്റ് അനിലാകുമാരിയും സഹായത്തിനുണ്ടായിരുന്നു.
ചുരുങ്ങിയ സമയം കൊണ്ടു തന്നെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാന്‍ ഡോക്ടര്‍മാരുടെ സംഘത്തിനായി. ശസ്ത്രക്രിയയുടെ വേദനയെല്ലാം മറന്ന് മിക്കിയിപ്പോള്‍ സുഖമായിരിക്കുന്നു. 15 ദിവസം കഴിയുമ്പോള്‍ തുന്നലഴിക്കും. അതുവരെ ദിവസവും ഡോക്ടറുടെ മേല്‍നോട്ടത്തില്‍ ശസ്ത്രക്രിയാനന്തര ചികിത്സയും പരിചരണവും നല്‍കുന്നുണ്ട്.
പരിക്ക് മാരകമായതിനാല്‍ മിക്കിയുടെ വലതുകണ്ണിന്റെ കാഴ്ച നഷ്ടമാകാനാണ് സാധ്യതയെന്നാണ് ഡോക്ടറുടെ നിരീക്ഷണം. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടാലും മ്ക്കിയെ അതിന്റെ ജീവിതകാലമത്രയും സംരക്ഷിക്കാനാണ് അനീഷിന്റെ തീരുമാനം.
Discussion about this post