കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ പുസ്തകം ‘ചതിയുടെ പത്മവ്യൂഹം’ ഉടന്‍ വിപണിയിലേക്ക്. സ്വര്‍ണ്ണക്കടത്ത് കേസിലെ വിവാദങ്ങളെ കുറിച്ച് വിവരിക്കുന്നതാണ് പുസ്തകം. ചെന്നൈയില്‍ വച്ച് എം ശിവശങ്കര്‍ തന്റെ കഴുത്തില്‍ താലിക്കെട്ടിയെന്നും പുസ്തകത്തില്‍ പറയുന്നു. മറ്റന്നാള്‍ പുസ്തകം വിപണിയിലിറങ്ങും. തൃശൂര്‍ കറന്റ് ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇതുവരെ മജിസ്‌ട്രേറ്റിന് മുമ്പില്‍ പറഞ്ഞതും ഒപ്പം പറയാത്തതുമായിട്ടുള്ള കാര്യങ്ങളൊക്കെ ഈ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
‘ചതിയുടെ പത്മവ്യൂഹം’ എന്നാണ് സ്വപ്ന സുരേഷ് ഈ പുസ്തകത്തിന് പേര് നല്‍കിയിരിക്കുന്നത്. സ്വപ്നയുടെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടിട്ടുള്ള അവരുടെ ഒരു ആത്മകഥ എന്ന രീതിയിലാണ് പുസ്തകം പുറത്തിറങ്ങുന്നത്. സ്വര്‍ണക്കടത്ത് കേസിലെ വെളിപ്പെടുത്തലുകള്‍, ഒപ്പം തന്നെ അധികാര ദുര്‍വിനിയോഗം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുസ്തകത്തില്‍ ഉണ്ടാകും.
നേരത്തെ, എം ശിവശങ്കര്‍ അദ്ദേഹത്തിന്റെ ആത്മകഥ പുറത്തിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ സ്വപ്ന സുരേഷും പുസ്തകം ഇറക്കുന്നത്. ഈ മാസം പന്ത്രണ്ടാം തീയതി പുസ്തകം പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ശിവശങ്കര്‍ എഴുതിയ പുസ്തകത്തിന് അശ്വത്ഥാമാവ് വെറും ഒരു ആന എന്നാണ് പേരിട്ടിരുന്നത്. സമാനമായ നിലയില്‍ മഹാഭാരതത്തെ കൂട്ടുപിടിച്ച് ചതിയുടെ പത്മവ്യൂഹം എന്നാണ് സ്വപ്ന സുരേഷ് പേരിട്ടിരിക്കുന്നത്.