കൊച്ചി: എറണാകുളത്ത് നടക്കുന്ന നാര്‍കോട്ടിക്‌സ് സ്‌പെഷ്യല്‍ ഡ്രൈവിനിടെ പോലീസിനെ ഞെട്ടിച്ച് യുവാക്കളുടെ ലഹരി ഉപയോഗം. പുത്തന്‍ വഴികളിലൂടെയാണ് യുവാക്കള്‍ ലഹരി തേടുന്നതെന്ന് എക്‌സൈസ് കണ്ടെത്തി. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ള കൗമാരക്കാരും യുവാക്കളും കൃത്രിമമായി ഡോക്ടറുടെ കുറിപ്പടികളുണ്ടാക്കിയാണ് മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും ലഹരി ലഭിക്കുന്ന ഗുളികകളടക്കം വാങ്ങിക്കുന്നത്.
പരിശോധനയില്‍ വ്യാജ കുറിപ്പടിയുണ്ടാക്കി നല്‍കിയ വിദ്യാര്‍ഥിയെയും പിടികൂടിയിട്ടുണ്ട്. മാനസിക പ്രശ്‌നങ്ങള്‍ക്കും, നാഡീസംബന്ധിയായ അസുഖങ്ങള്‍ക്കുമുള്ള മരുന്നുകള്‍ ലഹരിക്കായി വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം.
ഇന്റര്‍നെറ്റിന്റെ സഹായത്തോടെ ഇത്തരം മരുന്നുകള്‍ കണ്ടെത്തുകയും വാങ്ങാനായി ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമായതിനാല്‍ വ്യാജമായി അവ തയ്യാറാക്കിയുമാണ് വിദ്യാര്‍ത്ഥികളുടെ അതിബുദ്ധി പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ മരുന്ന് മെഡിക്കല്‍ സ്റ്റോറില്‍ നിന്നും വാങ്ങാന്‍ 25കാരന് കുറിപ്പടി കംപ്യൂട്ടറില്‍ തയ്യാറാക്കി നല്‍കിയ സംഭവത്തിലെ പ്രതി സ്‌കൂള്‍ വിദ്യാര്‍ഥിയാണെന്ന് എക്‌സൈസ് കണ്ടെത്തിയതും വലിയ ഞെട്ടലായി.
ഈ വിദ്യാര്‍ത്ഥി നിരന്തരമായി വ്യാജ കുറിപ്പടികളുണ്ടാക്കി നല്‍കിയിരുന്നു എന്ന വിവരവും പുറത്തെത്തിയിട്ടുണ്ട്. കുറിപ്പടികള്‍ തയ്യാറാക്കി നല്‍കുന്നതിനൊപ്പം ലഹരി ഉപയോഗവുമുള്ള എറണാകുളം സ്വദേശിയായ ഈ വിദ്യാര്‍ഥിയെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.
ഇതിനിടെ, ലഹരിയുപയോഗിച്ച് വീട്ടില്‍ നിരന്തരം പ്രശ്‌നമുണ്ടാക്കുന്ന മകനെതിരെ നടപടിയെടുക്കണമെന്ന് മറ്റൊരു വിദ്യാര്‍ഥിയുടെ പിതാവും പരാതി നല്‍കിയിരിക്കുകയാണ്. നാര്‍ക്കോട്ടിക്‌സ് സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി നഗരത്തിലെ ഹോട്ടലുകളും, രാത്രി തുറന്നിരിക്കുന്ന കഫേകളിലും നിരന്തരം പരിശോധന നടത്തുന്നുണ്ട്. വാഹന പരിശോധനയും കര്‍ശനമാക്കി.