പെട്ടി ഓട്ടോയുടെ പുറകില്‍ ഷീറ്റ് വിരിച്ച് അന്തിയുറങ്ങി എട്ടുവയസുകാരിയും സഹോദരങ്ങളും; ഏഴുമാസമായി കിടപ്പാടമില്ലാതെ നസീറും മക്കളും തെരുവില്‍

കൊല്ലം: ഏഴ് മാസമായി പെട്ടി ഓട്ടോയിലും കടത്തിണ്ണയിലും പൊളിഞ്ഞുവീഴാറായ കെട്ടിടങ്ങളും തലചായ്ക്കാനായി തെരഞ്ഞെടുക്കേണ്ട ഗതികേടിലാണ് നസീറും പറക്കമുറ്റാത്ത മൂന്ന് കുട്ടികളും. കഴിഞ്ഞദിവസവും രാത്രി ഇവര്‍ കഴിച്ചു കൂട്ടിയത് ഓട്ടോയുടെ പിന്നിലെ തകരഭാഗത്ത് ഷീറ്റ് വിരിച്ചാണ്.

എട്ടുവയസ്സുകാരി മകളും അഞ്ചും പതിനൊന്നും വയസ്സുള്ള രണ്ട് ആണ്‍കുട്ടികളുമാണ് നസീറിനൊപ്പം തലചായ്ക്കാന്‍ ഇടമില്ലാതെ ദുരിതത്തിലായിരിക്കുന്നത്. കൊല്ലം ശങ്കേഴ്സ് ജങ്ഷനു സമീപത്ത് നിര്‍ത്തിയിട്ടിരിക്കുന്ന പഴയൊരു പെട്ടി ഓട്ടോയിലാണ് ഇവരുടെ ഉറക്കവും പഠിത്തവുമൊക്കെ,

തിരുവനന്തപുരം സ്വദേശി നസീറും മക്കളുമാണ് പെട്ടിഓട്ടോയ്ക്ക് പിന്നില്‍ പാത്രങ്ങളും പുസ്തകങ്ങളുമെല്ലാം സൂക്ഷിച്ച് കിടപ്പും ഇവിടെയാക്കിയിരിക്കുന്നത്. വീടുകളില്‍നിന്ന് പഴയ പാത്രങ്ങളും ഇരുമ്പും പ്ലാസ്റ്റിക്കും വാങ്ങി ആക്രിക്കടയിലെത്തിക്കുന്ന ജോലിയാണ് നസീറിന്. തുച്ഛമായ ഈ വരുമാനത്തിലാണ് നാലുപേരുടേയും ജീവിതം. ഇതിനിടയ്ക്ക് വാടകയ്ക്ക് ഒരു വീടെടുക്കാനൊന്നും ഇവര്‍ക്ക് സാധിക്കുന്നില്ല. അന്നന്നത്തെ ഭക്ഷണം മാത്രമാണ് ജോലിക്ക് ലഭിക്കുന്ന കൂലിയില്‍ നിന്നും സ്വന്തമാക്കാനാകുന്നത്.

രാത്രിയില്‍ ഓട്ടോയില്‍ ഉറങ്ങുന്ന കുടുംബം പുലര്‍ച്ചെ റെയില്‍വേ സ്റ്റേഷനിലെ കാത്തിരിപ്പു കേന്ദ്രത്തിനടുത്തുള്ള ശൗചാലയം ഉപയോഗിക്കും.പിന്നീട് മക്കളെ ഒരുക്കി ഒന്‍പതരയോടെ സ്‌കൂളിലാക്കി നസീര്‍ ആക്രി പെറുക്കാന്‍ പോകും. സ്‌കൂള്‍ വിടുന്ന സമയത്ത് തിരികെയെത്തി മക്കളെ കൊണ്ടുപോകും.

also read- ഇരു കൈയ്യും നീട്ടി സ്വീകരിച്ചതിന്, വീണ്ടും വിശ്വസിച്ചതിന് നന്ദി; ആരാധകരോട് നയന്‍താര

തുടര്‍ന്ന് വണ്ടി റോഡരികില്‍ നിര്‍ത്തി റോഡിന്റെ വശത്തുതന്നെ അടുപ്പുകൂട്ടി ഭക്ഷണമുണ്ടാക്കും. അല്ലെങ്കില്‍ കടകളില്‍നിന്നു വാങ്ങും. തെരുവിലേയും എമര്‍ജന്‍സി ലൈറ്റിന്റെ വെളിച്ചത്തിലാണ് കുട്ടികളുടെ പഠനം.

മറ്റൊരു മതത്തില്‍പ്പെട്ട സ്ത്രീയെ വിവാഹം കഴിച്ചതോടെ നസീറിനെ കുടുംബത്തില്‍നിന്ന് പുറത്താക്കിയതാണ്. ഇവരാകട്ടെ മാസങ്ങള്‍ക്കുമുമ്പ് പിണങ്ങിപ്പോയി. കൊല്ലം പുള്ളിക്കടയിലെ പൊളിഞ്ഞുവീഴാറായ വീട്ടില്‍താമസിക്കുന്നതിനിടെ ലോക്ക്ഡൗണ്‍ എത്തിയത്. ഈ കാലത്ത് പോലീസും സന്നദ്ധപ്രവര്‍ത്തകരും ഇടപെട്ട് ക്യാമ്പിലാക്കി. ലോക്ഡൗണ്‍ കഴിഞ്ഞപ്പോള്‍ ക്യാമ്പില്‍നിന്ന് തിരിച്ചുപോന്നു.

പിന്നീട് റെയില്‍വേ ക്വാര്‍ട്ടേഴ്സിലെ പൊളിഞ്ഞ ഒരു മുറിയിലായി പിന്നീട് താമസം. എന്നാല്‍ ഈ ക്വാര്‍ട്ടേഴ്സ് പൊളിച്ചുപണിയാന്‍ തുടങ്ങിയതോടെയാണ് കൈവശമുള്ള പെട്ടി ഓട്ടോ തന്നെ വീടാക്കിയത്. മഴവന്നാല്‍ നസീര്‍ ഓട്ടോയുടെ മുകളിലൊരു ടാര്‍പോളിന്‍ വലിച്ചുകെട്ടിയാണ് മേല്‍ക്കൂര ഒരുക്കുന്നത്. എന്നാലും വസ്ത്രങ്ങളും പുസ്തകങ്ങളുമെല്ലാം നനയും.

പഠിക്കാന്‍ മിടുക്കരായ മൂവരുടേയും ഭാവിയാണ് ഇപ്പോള്‍ ആശങ്കയിലായിരിക്കുന്നത്.. മൂത്തമകനെ ചില സംഘടനകള്‍ ഇടപെട്ട് ചങ്ങനാശ്ശേരിയിലെ ഒരു സ്‌കൂളിലാക്കിയിരുന്നു. എന്നാല്‍ അവധിക്ക് വന്ന മകനെ തിരികെ കൊണ്ടുവിടാന്‍ നസീറിന് സാധിച്ചിട്ടില്ല.

Exit mobile version