ചടയമംഗലം: മതിയായ വൈദ്യ സഹായമില്ലാതെ ഒറ്റമുറി വീട്ടില്‍ നടന്ന പ്രസവമാണ് കൊല്ലം പോരേടം കള്ളിക്കാട് ഏറത്ത് വീട്ടില്‍ അശ്വതിയുടെയും നവജാത ശിശുവിന്റേയും മരണകാരണമായത്. ആശുപത്രിയില്‍ എത്തിക്കാനുള്ള പണമില്ലാത്തതിനാല്‍ ആണ് അശ്വതിക്ക് ചികിത്സ നല്‍കാതിരുന്നതെന്ന് ഭര്‍ത്താവും പറയുന്നു. അശ്വതി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞിട്ടു പോലും അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തു വേണ്ടത്ര ചികിത്സ ലഭ്യമാക്കാന്‍ ാരോഗ്യ വിഭാഗം നടപടി എടുത്തതുമില്ല.
ഭര്‍ത്താവ് അനിലും മരിച്ച അശ്വതിയും കൂലിപ്പണി ചെയ്താണ് ജീവിച്ചിരുന്നത്. 17 വയസ്സുള്ള മകനും ഈ ദമ്പതികള്‍ക്ക് ഉണ്ട്. രണ്ടു വര്‍ഷം മുന്‍പും അശ്വതി വീട്ടില്‍ വെച്ച് പ്രസവിച്ചിരുന്നു. അന്നും കുട്ടി മരിച്ചിരുന്നു. കഴിഞ്ഞ ജൂണ്‍ 26ന് അശ്വതി പ്രസവ സംബന്ധമായ ചികിത്സയ്ക്ക് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. മടവൂരിലെ സ്വകാര്യ ക്ലിനിക്കിലും പരിശോധന നടത്തി.
ഈ വിവരം അറിഞ്ഞ് അശ്വതിയുടെ വീട്ടില്‍ ആശാവര്‍ക്കര്‍മാര്‍ എത്തി. എന്നാല്‍ അശ്വതിയുടെ വീട്ടില്‍ ആളില്ലെന്നു കാരണം പറഞ്ഞു ആശാ വര്‍ക്കര്‍മാര്‍ മടങ്ങി. പിന്നീട് ഇവരും ഇക്കാര്യം അന്വേഷിച്ചില്ല. പ്രസവസംബന്ധമായ ചികിത്സയെക്കുറിച്ചുള്ള ഇവരുടെ അജ്ഞതയാണ് മരണത്തിലേക്ക് കാര്യങ്ങള്‍എത്തിച്ചത്.
നിലമേല്‍ താമസിച്ചിരുന്ന ഈ കുടുംബം ബ്ലോക്ക് പഞ്ചായത്തില്‍ നിന്നു സഹായം ലഭിച്ചതിനെ തുടര്‍ന്നാണ് കള്ളിക്കാട്ട് വസ്തു വാങ്ങി വീട് പണി ആരംഭിച്ചത്. ഒറ്റമുറി വീട് വച്ചെങ്കിലും താമസിക്കാന്‍ മതിയായ സൗകര്യങ്ങള്‍ ഇല്ലായിരുന്നു. ശുചിമുറി സൗകര്യവും കുറവായിരുന്നു.
ഇവര്‍ താമസിച്ചിരുന്ന മണലയം ഭാഗം ചടയമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലാണ്. നിലമേല്‍ ആരോഗ്യ കേന്ദ്രവും സമീപത്താണ്. അതേസമയം, ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്നത് ദിവസവും ആശാ വര്‍ക്കര്‍മാര്‍ ഫീല്‍ഡ് സന്ദര്‍ശനം നടത്തി ഗര്‍ഭിണികളുടെയും കുട്ടികളുടെയും മറ്റും വിവരം ശേഖരിക്കണമെന്നാണ്. പോഷകാഹാരം ലഭിക്കാത്ത ഗര്‍ഭിണികള്‍ക്ക് സമീപത്തെ അംഗനവാടികള്‍ വഴി പോഷകാഹാരം ഉറപ്പാക്കണം. ഇക്കാര്യമെല്ലാം അശ്വതിയുടെ കാര്യത്തില്‍ വിസ്മരിക്കപ്പെടുകയായിരുന്നു.
അതേസമയം, അശ്വതിയുടെയും നവജാത ശിശുവിന്റെയും മരണത്തെ കുറിച്ച് മെഡിക്കല്‍ ബോര്‍ഡ് വിശദമായ പരിശോധന നടത്തുമെന്നും, അതിന് ശേഷം മാത്രമേ കൂടുതല്‍ വിവരം അറിയാനാകൂ എന്നും ചടയമംഗലം ഇന്‍സ്‌പെക്ടര്‍ വി ബിജു അറിയിച്ചു.