കലവൂര്‍: കലവൂരില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വളര്‍ത്തുനായയായ റോട്ട്വീലറിനെ തേടി ഉടമയെത്തി. യജമാനനെ കണ്ടയുടന്‍ നായ സ്നേഹത്തോടെ ചാടി ദേഹത്തു കയറിയതോടെയാണ് വന്നയാള്‍ ഉടമസ്ഥനാണെന്ന് വ്യക്തമായത്. ചങ്ങനാശ്ശേരി കുരിശുംമൂട് തയ്യില്‍ മുത്തുസ്വാമിയാണ് ഉടമ.
ബംഗളൂരുവിലേക്കു കുടുംബസമേതം പോയപ്പോള്‍ മുത്തുസ്വാമി നായയെയും കൂട്ടിയിരുന്നു. യാത്രയ്ക്കിടെ ചായ കുടിക്കാന്‍ കലവൂരിലിറങ്ങി. ഈ സമയത്ത് തെരുവുനായകളെ കണ്ട് അക്രമാസക്തനായ റോട്ട്വീലര് മുത്തുസ്വാമിയുടെ ഭാര്യയെയും മകനെയും കടിക്കുകയായിരുന്നു.
പിന്നീട് നായയെ കെട്ടിയിട്ടശേഷം ചികിത്സതേടി ആശുപത്രിയിലേക്കു പോയ ഇവര്‍ അവിടെ നിന്നും ബംഗളൂരുവിലേക്കു പോവുകയായിരുന്നു. കഴിഞ്ഞദിവസം തിരികെയെത്തിയപ്പോഴാണ് പത്രവാര്‍ത്തകണ്ട് നായ കലവൂരിലുണ്ടെന്ന് അറിഞ്ഞത്.
ഇതോടെയാണ് കഴിഞ്ഞദിവസം നായയെ തേടിയെത്തിയത്. എന്നാല്‍, മുത്തുസ്വാമിയോട് രേഖകളുമായി വരാന്‍ പോലീസ് പറഞ്ഞയച്ചു. തുടര്‍ന്ന് ശനിയാഴ്ച രേഖകള്‍ ഹാജരാക്കിയാണ് നായയെ ഏറ്റുവാങ്ങിയത്. മണ്ണഞ്ചേരി പ്രിന്‍സിപ്പല്‍ എസ്ഐ കെആര്‍ ബിജുവാണ് നായയെ വിട്ടുകൊടുത്തത്.
കഴിഞ്ഞമാസം 28-നു പുലര്ച്ചയോയെയാണ് കടത്തിണ്ണയില്‍ കെട്ടിയിട്ടനിലയില്‍ നായയെ കണ്ടത്. തുടര്‍ന്ന് സമീപത്തെ വീട്ടുകാര്‍ നായയെ സംരക്ഷിക്കാന്‍ മുന്നോട്ട് വരുകയായിരുന്നു. പള്ളിപ്പറമ്പിലെ ഈ വീട്ടുകാര്‍ക്ക് പാരിതോഷികം നല്‍കിയാണ് മുത്തുസ്വാമി മടങ്ങിയത്.
Discussion about this post