അനിയത്തിയുടെ വിവാഹാവശ്യത്തിന് സൂക്ഷിച്ച 10 പവന്‍ സ്വര്‍ണം മോഷ്ടിച്ച് യുവതിയും ഭര്‍ത്താവും; പോലീസിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമം; ഒടുവില്‍ കണ്ടെടുത്തപ്പോള്‍ അഞ്ച് പവന്‍ മുക്കുപണ്ടം!

ഏറ്റുമാനൂര്‍: അനിയത്തിയുടെ വിവാഹാവശ്യത്തിനായി അമ്മ വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ മൂത്തസഹോദരിയും ഭര്‍ത്താവും അറസ്റ്റില്‍.തിരുവനന്തപുരം കരമന കുന്നിന്‍പുറംഭാഗത്ത് ടി.സി. 21/635 വീട്ടില്‍ കിരണ്‍രാജ് (26), ഭാര്യ ഐശ്വര്യ (22) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഏറ്റുമാനൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സ്വര്‍ണം കണ്ടെടുത്ത് യുവതിയെയും ഭര്‍ത്താവിനേയും അറസ്റ്റ് ചെയ്തത്.

ഐശ്വര്യ ഈ ഓണക്കാലത്ത് കുടുംബവീടായ ഏറ്റുമാനൂര്‍ പേരൂരിലേക്ക് എത്തിയിരുന്നു. ഈ സമയത്താണ് അമ്മ അവിടെ സൂക്ഷിച്ചിരുന്ന സ്വര്‍ണം ഐശ്വര്യ കവര്‍ന്നത്. ഈ സമയത്ത് ഇവരുടെ അമ്മ പാലക്കാടേക്ക് ജോലിക്ക് പോയതായിരുന്നു. മോഷ്ടിച്ച സ്വര്‍ണം തിരുവനന്തപുരത്തെ ഭര്‍ത്തൃവീട്ടിലേക്ക് കൊണ്ടുപോയി.

പിന്നീട് പാലക്കാട്ടുനിന്നു തിരിച്ചെത്തിയ അമ്മയാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന 10 പവന്‍ സ്വര്‍ണം കാണാനില്ലെന്ന് ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ പരാതിനല്‍കിയത്. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്നവരെ പോലീസ് ചോദ്യംചെയ്തിരുന്നു.

ഇതോടെ തന്റെ അച്ഛന്‍ സ്വര്‍ണം എടുക്കാന്‍ സാധ്യതയുണ്ടെന്ന് ഐശ്വര്യ പോലീസിനെ തെറ്റിദ്ധരിപ്പിക്കാനായി പറഞ്ഞിരുന്നു. ഇത് കളവാണെന്ന് തെളിഞ്ഞതോടെയാണ് ഇവരെ സംശയിക്കാന്‍ കാരണം. ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പിന്നീട് ശാസ്ത്രീയ പരിശോധനകള്‍ നടത്തി സ്വര്‍ണം മോഷ്ടിച്ചത് വീട്ടിലെ മൂത്തമകള്‍ തന്നെയാണെന്ന് കണ്ടെത്തിയത്.

തുടര്‍ന്ന് ഐശ്വര്യയുടെ ഭര്‍ത്തൃവീട്ടില്‍ നടത്തിയ തെരച്ചിലില്‍ പോലീസ് 10 പവന്‍ സ്വര്‍ണം കണ്ടെടുത്തു. പരിശോധനയില്‍ ഇതില്‍ അഞ്ച് പവന്‍ മുക്കുപണ്ടമായിരുന്നെന്നും കണ്ടെത്തി. ഇവര്‍ മോഷ്ടിച്ച സ്വര്‍ണത്തില്‍നിന്ന് അഞ്ചുപവന്‍ വരുന്ന മാല പണയംവെയ്ക്കുകയും പകരമായി അത്രയും മുക്കുപണ്ടവും പെട്ടിയില്‍ സൂക്ഷിക്കുകയുമായിരുന്നെന്ന് പോലീസിനോട് സമ്മതിച്ചു.

also read- റോഡില്‍ നിന്ന് കിട്ടിയ ബാഗില്‍ വന്‍ തുക: ഉടമയെ കണ്ടെത്തി തിരികെ ഏല്‍പ്പിച്ച് പോലീസുകാരന്‍, കൈയ്യടി

ഏറ്റുമാനൂര്‍ സ്റ്റേഷന്‍ എസ്എച്ച്ഒ രാജേഷ് കുമാര്‍, എസ്‌ഐ സ്റ്റാന്‍ലി, എഎസ്‌ഐ അംബിക, സിവില്‍ പോലീസ് ഓഫീസര്‍മാരായ പിസി സജി, സൈഫുദ്ദീന്‍, കെപി മനോജ്, സുഭാഷ് വാസു എന്നിവരും അന്വേഷണ സംഘത്തില്‍ പങ്കെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Exit mobile version