കൊച്ചി: കളഞ്ഞുകിട്ടിയ വന്‍ തുക അടങ്ങിയ ബാഗിന്റെ ഉടമയെ കണ്ടെത്തി തിരികെ ഏല്‍പ്പിച്ച് പോലീസുകാരന്. കൊച്ചി പള്ളുരുത്തി സ്റ്റേഷനിലെ മെയില്‍ ഡ്രൈവര്‍ ഷാരോണ്‍ പീറ്ററാണ് കളഞ്ഞു കിട്ടിയ 1,34,000 രൂപ ഉടമയെ കണ്ടെത്തി തിരികെ ഏല്‍പ്പിച്ചത്.
നൈറ്റ് പെട്രോളിങിനിടെയാണ് ഷാരോണ്‍ പീറ്ററിന് പണമടങ്ങിയ ബാഗ് ലഭിച്ചത്. ഉപേക്ഷിച്ച നിലയിലായിരുന്നു ബാഗ്. നമ്പര്‍ ലോക്കായതിനാല്‍ തുറന്നുനോക്കാനും കഴിഞ്ഞില്ല. തിരികെ സ്റ്റേഷനിലെത്തി ബാഗ് ഒരുവിധത്തില്‍ തുറന്നപ്പോഴാണ് ബാഗില്‍ നിന്നും ഡോക്ടര്‍ നിയാസിന്റെ പേരിലുള്ള ഒരു കടലാസ് ലഭിച്ചത്.
ഗൂഗിളില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ കുമ്പളങ്ങിയിലെ അഡ്രസ് ലഭിച്ചു. തുടര്‍ന്ന് നമ്പരെടുത്ത് ഡോക്ടറെ വിളിച്ചു. സ്റ്റേഷനിലെത്തിയ ഡോക്ടറോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് ഷാരോണ്‍ തന്നെയാണ് ബാഗ് ഡോക്ടര്‍ക്ക് കൈമാറിയത്.
1,34000 രൂപയും ചില രേഖകളുമാണ് ബാഗിലുണ്ടായിരുന്നത്. ബാഗ് കിട്ടിയതോടെ ഡോക്ടര്‍ക്കും സന്തോഷമായി, കൃത്യനിര്‍വഹണത്തില്‍ മാതൃകയായി ഷാരോണും കൈയ്യടി നേടുകയാണ്.
Discussion about this post