മലയാറ്റൂർ: പ്ലസ് ടു വിദ്യാർത്ഥിയുടെ മർദ്ദനമേറ്റ് പ്രധാനാധ്യാപകൻ ആശുപത്രിയിൽ. ഒരാഴ്ച മുൻപ് മുടി നന്നായി വെട്ടി വൃത്തിയായി സ്‌കൂളിൽ വരണമെന്ന് ക്ലാസ് അധ്യാപിക വിദ്യാർഥിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വെള്ളിയാഴ്ച വിദ്യാർത്ഥി ക്ലാസിൽ എത്തിയത് തലമുണ്ഡനം ചെയ്താണ്. തുടർന്ന് അധ്യാപിക പ്രിൻസിപ്പലിനെ കണ്ടുവരാൻ പറഞ്ഞയച്ചു.
പ്രിൻസിപ്പൽ കാര്യങ്ങൾ ചോദിക്കുന്നതിനിടെ വിദ്യാർഥി അധ്യാപകന്റെ കഴുത്തിനു പിടിച്ച് ഞെക്കുകയും മുഖത്തിടിക്കുകയും ചെയ്തു. ശേഷം ഇറങ്ങിയോടിയ വിദ്യാർഥിയെ അധ്യാപകരും നാട്ടുകാരും ചേർന്നാണ് തിരികെ സ്‌കൂളിലെത്തിച്ചത്. എന്നാൽ, വിദ്യാർഥി വീണ്ടും അധ്യാപകനോട് വെല്ലുവിളി ഭാവത്തിൽ സംസാരിച്ചു.
നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് കാലടി പോലീസെത്തി വിദ്യാർഥിയുടെ മാതാപിതാക്കളെ വിളിപ്പിച്ചു. അതേസമയം, സംഭവത്തിൽ മർദനമേറ്റ പ്രധാനാധ്യാപകൻ പരാതി നൽകിയിട്ടില്ല. വിദ്യാർഥിക്ക് പ്രായപൂർത്തിയാകാത്തതിനാൽ കേസെടുത്തിട്ടുമില്ല. അധ്യാപകന്റെ പരാതി ലഭിച്ചാൽ നിയമ നടപടികൾ സ്വീകരിക്കുമെന്ന് കാലടി പോലീസ് അറിയിച്ചു.