തൃശ്ശൂര്‍: വിദ്യാര്‍ഥികള്‍ അടക്കം ഒന്‍പത് പേരുടെ മരണത്തിന് ഇടയാക്കിയ വടക്കഞ്ചേരി അപകടത്തില്‍ ബസ് ഉടമ അരുണും അറസ്റ്റില്‍. ഡ്രൈവര്‍ ജോമോനെ രക്ഷപ്പെടാന്‍ സഹായിച്ചെന്ന കുറ്റത്തിലാണ് അരുണിനെ അറസ്റ്റ് ചെയ്തത്. ബസ് അമിത വേഗത്തിലാണെന്ന് 19 തവണ അലര്‍ട്ട് വന്നിട്ടും അരുണ്‍ അവഗണിച്ചെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
വടക്കഞ്ചേരി ദുരന്തം നടക്കുന്നതിനു തൊട്ടുമുന്‍പും ആര്‍ടിഒ ഓഫീസില്‍ അലേര്‍ട്ട് എത്തിയിരുന്നു. അപകടം നടക്കുന്നതിന് നാല് സെക്കന്‍ഡ് മുന്‍പാണ് മുന്നറിയിപ്പ് ആര്‍ടിഒ ഓഫീസിലേക്ക് എത്തിയത്. 11.30.35ന് ജിപിഎസ് അലര്‍ട്ട് ആര്‍ടിഒ ഓഫീസില്‍ എത്തി എന്ന് ഡിവൈഎസ്പി പറഞ്ഞു. അപകടമുണ്ടായത് 11.30.39നായിരുന്നു.
കെഎസ്ആര്‍ടിസിയില്‍ ഇടിക്കുമ്പോള്‍ ടൂറിസ്റ്റ് ബസ്സിന്റെ വേഗത 97.72 കിലോമീറ്റര്‍ ആയിരുന്നു എന്നും പോലീസ് പറയുന്നു. ആര്‍ടിഒ ക്യാമറയില്‍ പതിഞ്ഞ ദ്യശ്യങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടുണ്ട്.
അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ വിശദീകരിക്കും. വടക്കഞ്ചേരി അപകടം സംബന്ധിച്ച് പൊലീസിനോടും മോട്ടോര്‍ വാഹന വകുപ്പിനോടും ഹൈകോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന വാഹനങ്ങള്‍ നിരോധിക്കണമെന്ന് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഒരു വാഹനത്തിലും ഫ്ലാഷ് ലൈറ്റുകളും നിരോധിത ഹോണുകളും പാടില്ല. അങ്ങനെയുള്ള വാഹനങ്ങള്‍ പിടിച്ചെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
വടക്കഞ്ചേരി അപകടത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. അപകടത്തിന് ശേഷം കടന്നു കളഞ്ഞ ജോമോനെ തിരുവനന്തപുരത്തേയ്ക്ക് സഞ്ചരിക്കവേ കൊല്ലം ചവറയില്‍ നിന്നാണ് ഇന്നലെ പിടികൂടിയത്.
Discussion about this post