ഉപരിപഠനത്തിനായി സുഹൃത്തുക്കള്‍ ട്രെയിനില്‍ തിരിച്ചപ്പോള്‍ അനൂപ് തിരഞ്ഞെടുത്തത് കെഎസ്ആര്‍ടിസി; രാത്രിയിലെ ഫോണിന് പിന്നാലെ എത്തിയത് മരണ വാര്‍ത്ത; കണ്ണീര് തോരാതെ വൈദ്യന്‍കുന്ന് ഗ്രാമം

കൊല്ലം: പാലക്കാട് വടക്കഞ്ചേരി ബസുകള്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ച കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരന്‍ അനൂപിന്റെ വേര്‍പാട് ഇനിയും വൈദ്യന്‍കുന്ന് ഗ്രാമത്തിന് വിശ്വസിക്കാനാകുന്നില്ല. അനൂപിന്റെ സംസ്‌കാരം ഇന്ന് ഉച്ചയോടെ കൊല്ലം വെളിയത്തെ വൈദ്യന്‍കുന്നിലെ വീട്ടുവളപ്പില്‍ നടക്കും. മകന്റെ വേര്‍പാടില്‍ തളര്‍ന്നിരിക്കുകയാണ് അമ്മ ദേവിയും അച്ഛന്‍ ഓമനക്കുട്ടനും.

പഠിച്ച് ഒരു ജോലി നേടി കുടുംബത്തിന് താങ്ങാകണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് അനൂപ് യാത്രയായിരിക്കുന്നത്. 22 വയസുകാരനായ അനൂപിന് ജീവിതത്തെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു. വിദ്യാര്‍ത്ഥിയായിരുന്നു എങ്കിലും വീടിന് താങ്ങും തണലുമായിരുന്നു ഇരുപത്തിരണ്ടുകാരനായ അനൂപ്. യുവാവിന്റെ മരണത്തില്‍ വെളിയം വൈദ്യന്‍കുന്ന് ഗ്രാമവും ഏറെ ദുഖത്തിലാണ്. സജീവമായി എല്ലാ പരിപാടികളിലും പങ്കെടുത്തിരുന്ന അനൂപിന്റെ വേര്‍പാട് ഇവര്‍ക്ക് മായ്ക്കാനാകാത്ത മുറിപ്പാട് ആവുകയാണ്.

ഐടിഐ പാസായ അനൂപ് ഹ്രസകാല കോഴ്‌സ് ചെയ്യാനായാണ് ഉപരിപഠനത്തിന് കോയമ്പത്തൂര്‍ തെരഞ്ഞെടുത്തത്. ഇതിനായി കോയമ്പത്തൂരിലേക്ക് പോകുമ്പോഴാണ് മരണം തേടിയെത്തിയത്.

അനൂപിന്റെ സഹോദരന്‍ അനന്തു സൈനികനാണ്. സേനയില്‍ ചേരാനുളള ആഗ്രഹത്തില്‍ പരിശീലനവും പഠനവും തുടരുകയായിരുന്നു അനൂപും. അതേസമയം, കെഎസ്ആര്‍ടിസിയിലെ യാത്രയ്ക്കിടെ രാത്രി പത്തുവരെ മകന്‍ വിളിച്ചിരുന്നതായി അച്ഛന്‍ പറഞ്ഞു.

also read- കൊല്ലത്ത് മകനെ വിളിക്കാന്‍ വീട്ടില്‍ നിന്നിറങ്ങിയ യുവതിയെ ഭര്‍തൃവീട്ടുകാര്‍ പുറത്താക്കി വീട് പൂട്ടി; രാത്രി മുഴുവന്‍ കഴിഞ്ഞത് സിറ്റൗട്ടില്‍; സ്ത്രീധനം കുറവെന്ന് പറഞ്ഞ് നിരന്തരം പീഡനമെന്ന് ആദിത്യ

ഉപരിപഠനത്തിന് കോയമ്പത്തൂരിലേക്ക് അനൂപിന്റെ സഹപാഠികളില്‍ കുറച്ചുപേര്‍ ട്രെയിനിലാണ് പോയത്. എന്നാല്‍ അനൂപ് കൊട്ടാരക്കരയില്‍ നിന്നും പുറപ്പെടുന്ന കെഎസ്ആര്‍ടിസി ബസ് യാത്രയ്ക്കായി തെരഞ്ഞെടുക്കുകയായിരുന്നു.

Exit mobile version