കൊച്ചി: സിപിഎമ്മിന്റെ ചിരിക്കുന്ന മുഖമായ കോടിയേരി ബാലകൃഷ്ണൻ ലോകത്തോട് വിടപറഞ്ഞത് ഇന്നും പാർട്ടിക്കോ അണികൾക്കോ വിശ്വസിക്കാൻ കഴിയാത്ത ഒന്നാണ്. പ്രിയ സഖാവിന്റെ വിയോഗം മുഖ്യമന്ത്രി പിണറായി വിജയനിലുണ്ടാക്കിയ സങ്കടം കേരളം കണ്ടതാണ്. ഇപ്പോൾ തന്റെ പ്രിയപ്പെട്ട ഏട്ടനെ നഷ്ടപ്പെട്ട സങ്കടം കുറിക്കുകയാണ് പ്രീജിത്ത് ലാൽ. കോടിയേരിയുടെ ഡയറി എന്ന് കുറിച്ചുകൊണ്ടാണ് തനിക്ക് നേരെ നീട്ടിയ സ്നേഹകരുതലിനെ കുറിച്ച് പ്രീജിത്ത് ഫേസ്ബുക്കിൽ കുറിച്ചത്.
കൈയിൽ പിടിച്ചുവലിച്ചു; സ്വകാര്യ ടെലികോം ജീവനക്കാർ പൂട്ടിയിട്ടു, പരാതിയുമായി നടി അന്ന രാജൻ
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;
കോടിയേരിയുടെ ഡയറി
കുറേ കാലം മുമ്പാണ്. അന്ന് കോടിയേരി മന്ത്രിയായിട്ടില്ല. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പറാണ്. എ കെ ജി സെന്ററിന്റെ ഒന്നാം നിലയിൽ ആദ്യത്തെ മുറിയാണ് അദ്ദേഹത്തിന്റേത്. ഞാനന്ന് ഡി വൈ എഫ് ഐ ഓഫീസിലാണ്. യുവധാര മാസികയുടെ റസിഡന്റ് എഡിറ്റർ. അവിടെ നിന്നും അലവൻസായി ചെറിയൊരു തുകയാണ് ലഭിക്കുക. വീട്ടുവാടകയും മറ്റ് ചെലവുകളും നിവൃത്തിക്കാൻ അലവൻസ് തികയില്ല. വല്ലപ്പോഴും കിട്ടുന്ന പരസ്യ കമ്മീഷനാണ് ആശ്വാസം. ഒരു മാസം വാടക കൊടുക്കാൻ പറ്റാതെ ഞാൻ അങ്കലാപ്പിലായി. ഒരു വഴിയും മുന്നിലില്ല. ആ ദിവസമാണ് കോടിയേരി സഖാവ് എന്നെ വിളിച്ചത്.
ചില ദിവസങ്ങളിൽ കോടിയേരി സഖാവ് ഇതുപോലെ എകെജി സെന്ററിലേക്ക് വിളിക്കും. ചില നോട്ടുകൾ തയ്യാറാക്കാനാണ് ആ വിളി. സഖാവ് പറഞ്ഞുതരുന്നത് വേഗത്തിൽ എഴുതിയെടുത്ത്, പിന്നീട് ഒന്നുകൂടി പകർത്തി വൃത്തിയാക്കി ഡി ടി പി ചെയ്ത് തിരികെ നൽകണം. അന്നും ഞങ്ങൾ നോട്ട് തയ്യാറാക്കാനായി ഇരുന്നു. അപ്പോഴൊക്കെ വാടക പൈസ എങ്ങിനെ ഒപ്പിക്കാമെന്ന ചിന്തയാണ് എന്റെ മനസ്സിലുള്ളത്. കോടിയേരി പറയുന്നത് സാധാരണപോലെ പിന്തുടരാൻ എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല. പറയുന്നത് ഞാൻ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്നും എന്റെ മനസ്സ് വേറെ എവിയെയോ ആണെന്നും അദ്ദേഹത്തിന് മനസ്സിലായി.
‘ എന്നാടോ, എന്നാ പറ്റിയേ..?’
‘ ഒന്നൂല്ല, ബാലഷ്ണാട്ടാ… ‘ ഞാൻ പിടികൊടുക്കാതെ ഒഴിഞ്ഞുമാറി. എന്നെ എന്തോ അലട്ടുന്നുണ്ടെന്ന് മനസ്സിലാക്കിയ കോടിയേരി വിട്ടില്ല.
‘ നീ.. കാര്യം പറ. എന്നാ., വീട്ടിലെന്തെങ്കിലും പ്രശ്നുണ്ടാ..?’
‘ ഏയ്, അങ്ങനെയൊന്നൂല്ല, ബാലഷ്ണാട്ടാ…’
‘ എന്താന്നെങ്കിലും നീ പറ. എന്നിറ്റെഴുതാം…’ കോടിയേരി കസേരയിലേക്ക് ചാഞ്ഞിരുന്നു. വിഷയം അവതരിപ്പിക്കുകയല്ലാതെ വേറെ വഴിയില്ല.
‘ ബാലഷ്ണാട്ടാ.., വീട്ടിന്റെ വാടക കൊടുക്കേണ്ട സമയം കയ്ഞ്ഞു… കൈയ്യിലാണെങ്കിൽ ഒന്നുല്ല. അതാന്ന്..’
‘ അതെന്നാ, കൈയ്യില് പൈസ്യൊന്നും ഇല്ലേ? എന്നിറ്റ് നീയൊന്നും പറഞ്ഞില്ലല്ലോ..! ‘ വല്ലാതെ ബുദ്ധിമുട്ട് വരുമ്പോൾ, അദ്ദേഹത്തോട് യുവധാരയ്ക്ക് ഒരു പരസ്യം വേണമായിരുന്നു എന്ന് ഞാൻ പറയാറുണ്ടായിരുന്നു. അപ്പോൾ ഏതെങ്കിലും മന്ത്രിമാരെ വിളിച്ച് എനിക്കൊരു പരസ്യം നൽകാൻ കോടിയേരി പറയും. എന്റെ ബുദ്ധിമുട്ടുകൾ മറികടക്കാനുള്ള സഹായമായിരുന്നു ആ വിളി.
പരസ്യം കിട്ടിയാൽ മാസികയിൽ പ്രസിദ്ധീകരിച്ച് ബില്ലൊക്കെ കൊടുത്ത് പരസ്യതുക കിട്ടിയാലേ കമ്മീഷൻ കിട്ടുകയുള്ളു. ചുരുങ്ങിയത് ഒരു മാസം എടുക്കും. വീടിന്റെ വാടക ഇപ്പോൾ കൊടുക്കണം.
കോടിയേരി അപ്പോൾ മേശയുടെ വലിപ്പ് തുറന്നു.
ചിന്തയുടെ ഒരു പോക്കറ്റ് ഡയറി എടുത്തു. സഖാവിന്റെ പ്രോഗ്രാം എഴുതുക ആ ഡയറിയിലാണ്. എപ്പോഴും കുപ്പായത്തിന്റെ കീശയിലോ, കൈയ്യിലുള്ള ബാഗിലോ ആ പോക്കറ്റ് ഡയറി ഉണ്ടാവും. കോടിയേരി ശ്രദ്ധയോടെ പ്ലാസ്റ്റിക് കവറിനകത്തേക്ക് കയറ്റിയിരിക്കുന്ന ഡയറിയുടെ പേപ്പർചട്ട വലിച്ചൂരി. അപ്പോൾ ഡയറിയുടെ പ്ലാസ്റ്റി്ക്ക് കവറിൽ പോക്കറ്റ് പോലുള്ള ഒരു ഭാഗം ഉണ്ട്. അവിടെ അഞ്ഞൂറ് രൂപയുടെ നോട്ടുകൾ മടക്കി വെച്ചിട്ടുണ്ടായിരുന്നു. പേപ്പർ ചട്ട ഇട്ടാൽ അത് കാണാനാവില്ല. എന്തെങ്കിലും അത്യാവശ്യം വന്നാൽ എടുക്കാനാവും കോടിയേരി സഖാവ് ആ പൈസ അവിടെ സൂക്ഷിച്ചുവെച്ചിരുന്നത്.
ആ മടക്കിയ നോട്ടുകൾ എന്റെ നേർക്ക് സഖാവ് നീട്ടി. വാങ്ങാതിരിക്കാൻ പറ്റുന്ന ബന്ധമല്ല ഞങ്ങളുടേത്. ഞാനാ പൈസ വാങ്ങി. രണ്ടായിരത്തി അഞ്ഞൂറ് രൂപയുണ്ട്. ആയിരത്തി എണ്ണൂറ് രൂപയാണ് എന്റെ വീടിന്റെ വാടക. ഞാൻ അഞ്ഞൂറിന്റെ ഒരു നോട്ട് തിരികെ നീട്ടിക്കൊണ്ട് പറഞ്ഞു.
‘ ആയിരത്തി എണ്ണൂറാണ് വാടക…’ തിരികെ നൽകിയ അഞ്ഞൂറ് രൂപ കോടിയേരി സഖാവ് വാങ്ങിയില്ല.
‘ അത് നീ വെച്ചോ.., എന്നാപ്പിന്ന നീ പോയി വാടകയൊക്കെ കൊടുത്തിറ്റ് വാ.., നമ്മക്ക് നാളയെഴുത… പതിനൊന്ന് മണിക്കന്നെ വരണം, കെട്ടാ…’
ഇത്തരം കരുതലുകളുടെ ആൾരൂപമായിരുന്നു കോടിയേരി ബാലകൃഷ്ണൻ. ചിന്തയുടെ പോക്കറ്റ് ഡയറി കാണുമ്പോൾ, പ്ലാസ്റ്റിക് കവറിൽ നിന്നും ശ്രദ്ധയോടെ പേപ്പർ ചട്ട ഊരുന്ന കോടിയേരി സഖാവിനെയാണ് ഓർമ്മ വരിക.
കുഞ്ഞിലേ സഖാവിനെ അറിയാമെങ്കിലും മുപ്പത് വർഷമായി വളരെയടുത്ത ബന്ധമാണ്. ഒരിക്കൽ പോലും മുഖം കറുത്ത് സംസാരിക്കാൻ ഇട വരുത്തിയിട്ടില്ല. രണ്ടാം വട്ടം രോഗം കടുത്തപ്പോൾ സാധാരണ പോലെ ഞാൻ സഖാവിനെ വിളിച്ചു. ഫോൺ എടുത്തില്ല. അങ്ങിനെവന്നാൽ തിരികെ വിളിക്കാറാണ് പതിവ്. അന്ന് തിരികെ വിളിച്ചില്ല. പിറ്റേന്നും ഞാൻ വിളിച്ചു. ഫോൺ എടുത്തില്ല. അപ്പോൾ വിനോദിനിയേച്ചിയുടെ ഫോണിൽ വിളിച്ചു.
‘ വിനോദിനിയേച്ചി, ബാലഷ്ണാട്ടൻ ഫോൺ എടുക്കുന്നില്ലല്ലോ…’
‘ ഈട്യണ്ടല്ലൊ, ഞാൻ കൊടുക്കാം..’ വിനോദിനിയേച്ചി ഫോൺ കൊടുത്തപ്പോൾ, സഖാവിന്റെ ക്ഷീണിതമായ ശബ്ദം.
‘ ഇങ്ങോട്ട് വരട്ടേയെന്ന് ചോദിക്കാനല്ലേ നീ വിളിച്ചേ…?, വരണ്ട. ഇപ്പം എന്നെ കണ്ടാ, നിനക്ക് വെഷമമാകും.. ‘ വരണ്ട എന്ന ആ തീർപ്പ് ഞാൻ അനുസരിച്ചില്ല. അപ്പോൾ തന്നെ എകെജി ഫ്ളാറ്റിലേക്ക് പോയി.
സഖാവായിരുന്നു ശരി. ഞാൻ വിഷമിച്ചു. കരഞ്ഞു.
കൂടെയുള്ളവരുടെ സങ്കടം കോടിയേരിക്ക് വേദനയായിരുന്നു. ശാരീരികമായി ഒട്ടേറെ വൈഷമ്യത്തോടെ നിൽക്കുമ്പോഴും കൂടെയുള്ളവർ വിഷമിക്കാൻ താൻ നിമിത്തമാവരുത് എന്നത് എന്തൊരു മാനവിക ബോധമാണ്
സഖാവ് ഞങ്ങളെ വിട്ടുപോയെന്നറിഞ്ഞപ്പോൾ ശനിയാഴ്ച രാത്രി തന്നെ തലശ്ശേരിയിലേക്ക് തിരിച്ചു. ടൗൺഹാളിലേക്ക് സഖാവ് വന്നു. എന്താടോ… എന്ന് ചിരിക്കാതെ ചില്ലുകൂട്ടിനുള്ളിൽ കിടക്കുകയായിരുന്നു. ദൂരെ നിന്ന് നോക്കിയതല്ലാതെ ഞാൻ ആ മുഖം അടുത്ത് പോയി കണ്ടില്ല. കാണാൻ എന്റെ മനസ്സ് സമ്മതിച്ചില്ല. അവസാന നോട്ടത്തിലൂടെ എന്റെ ഉള്ളിൽ നിറഞ്ഞിരിക്കുന്ന, പ്രസന്നമായ ചിരിയോടെയുള്ള സഖാവിനെ മായ്ക്കാൻ എനിക്ക് കഴിയില്ല. പിറ്റേന്ന് കോടിയേരിയുടെ പിന്നാലെ പയ്യാമ്പലത്തേക്ക് നടന്നു. ആ ജനസാഗരത്തിലെ ഒരു കണമായി. ചിതയിൽ വെക്കുന്നത് കാണാനും കത്തിയമരുന്നത് കാണാനും നിന്നില്ല.
ദൂരെ മാറി നിന്നു. ഒറ്റയ്ക്കായിരുന്നില്ല; ചിരിക്കുന്ന, തമാശകൾ പറയുന്ന, പഴയകാല ഓർമ്മകൾ പങ്കുവെക്കുന്ന, എന്റെ തെറ്റുകൾ തിരുത്തുന്ന ബാലഷ്ണാട്ടൻ കൂടെയുണ്ടായിരുന്നു.
Discussion about this post