പാലക്കാട്: വടക്കഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസിലേക്ക് ടൂറിസ്റ്റ് ബസ് ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ മരിച്ചവരില്‍ ബാസ്കറ്റ് ബോള്‍ ദേശീയ താരവും. തൃശൂര്‍ നടത്തറ മൈനര്‍ റോഡ് സ്വദേശി രോഹിത് രാജ് (24) ആണ് മരിച്ചത്. കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനായിരുന്നു രോഹിത്.
താരം തൃശൂരില്‍ നിന്നാണ് കോയമ്പത്തൂരിലേക്ക് പോകാന്‍ ബസില്‍ കയറിയതെന്നാണ് വിവരം. രോഹിതിന്റെ മൃതദേഹം ആലത്തൂര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആശുപത്രിയിലെത്തിയ ബന്ധുക്കളാണ് രോഹിതിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്.
അതേസമയം, അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിനെതിരെ ഗുരുതര ക്രമക്കേടുകള്‍ ഇല്ലെന്ന് കോട്ടയം ആര്‍ടിഒ അറിയിച്ചു. ഈ ബസിനെതിരെ ആകെയുള്ളത് നാല് കേസുകളാണ്. ലൈറ്റുകള്‍ അമിതമായി ഉപയോഗിച്ചതിന് ആണ് മൂന്ന് കേസുകള്‍. മറ്റൊരു തവണ തെറ്റായ സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്തതിനാണ്. ഒരു കേസില്‍ പിഴ അടക്കാത്തത് മൂലമാണ് ബ്ലാക്ക് ലിസ്റ്റില്‍പെടുത്തിയതെന്നും അദ്ദേഹം അറിയിച്ചു.
2023 സെപ്റ്റംബര്‍ 18 വരെ വാഹനത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്നും ആര്‍ടിഒ വ്യക്തമാക്കി. അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ്, ബ്ലാക്ക് ലിസ്റ്റില്‍പ്പെട്ട വാഹനമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിയമവിരുദ്ധമായി കളര്‍ ലൈറ്റുകള്‍ മുന്നിലും അകത്തും സ്ഥാപിച്ചു. നിയമവിരുദ്ധമായി എയര്‍ ഹോണ്‍ സ്ഥാപിച്ചു. കൂടാതെ നിയമലംഘനം നടത്തി വാഹനമോടിച്ചെന്നും ഈ വാഹനത്തിനെതിരെ കേസ് ഉണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.
അമിത വേഗതയിലായിരുന്ന ബസിന്റെ ഫിറ്റ്നസ് റദ്ദാക്കാന്‍ കോട്ടയം ആര്‍ടിഒ നടപടി ആരംഭിച്ചു. ലീസ് എഗ്രിമെന്റ് നിയമ സാധുത ഉള്ളതാണോ എന്ന കാര്യത്തിലും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബസിന്റെ ആര്‍സി ഉടമ അരുണിനെ ആര് ടി ഒ വിളിച്ചു വരുത്തും.
Discussion about this post