അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ദിവസം നടന്ന അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയ വിജയത്തില്‍. 7 വയസ്സുകാരിയെ ജീവിതത്തിലേക്ക് തിരികെയത്തിച്ച് മെഡിക്കല്‍ കോളജ് അധികൃതര്‍. ഹൃദയഭിത്തിയുടെ ജനിതക തകരാറു മൂലം ശ്വാസകോശത്തില്‍ ഗുരുതര അസുഖം ബാധിച്ച ഓച്ചിറ സ്വദേശിയാണ് ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചു വരുന്നത്.
കുട്ടിക്ക് കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ കുട്ടിയുമായി ആശുപത്രിയിലെത്തിയത്. പരിശോധനയില്‍ ശ്വാസകോശത്തില്‍ ഗുരുതര അണുബാധ കണ്ടെത്തി. ഇത് ശ്വാസകോശത്തിലെ രക്തക്കുഴലുകളുടെ സമ്മര്‍ദത്തിനും കാരണമാകുന്നെന്നും ഡോക്ടര്‍മാര്‍ കണ്ടെത്തി.
തുടര്‍ന്ന് കാര്‍ഡിയോ തൊറാസിക് മേധാവി ഡോ. രതീഷ് രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ 4 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തിയാണ് രക്തക്കുഴലുകളുടെ തകരാറ് പരിഹരിച്ചത്. ആശുപത്രിയില്‍ ഇതാദ്യമായാണ് ഇത്രയും സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ കുട്ടികളില്‍ വിജയകരമായി നടത്തുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
സൂപ്രണ്ട് ഡോ. സജീവ് ജോര്‍ജ് പുളിക്കലിന്റെ ഇടപെടലിലൂടെ കാരുണ്യ പദ്ധതിയിലുള്‍പ്പെടുത്തി ചികിത്സാ ആനുകൂല്യവും ലഭ്യമാക്കി. സ്വകാര്യ ആശുപത്രികളില്‍ 4 ലക്ഷത്തിലധികം രൂപ വരെ ചെലവു വരുന്ന ശസ്ത്രക്രിയയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൗജന്യമായി നല്‍കിയത്.
അസോഷ്യേറ്റ് പ്രഫസര്‍മാരായ ഡോ. കെ.ടി.ബിജു, ഡോ.ആനന്ദക്കുട്ടന്, അനസ്തെറ്റിക് വിഭാഗം മേധാവി ഡോ. ഹരികൃഷ്ണന്, ഡോ. വിമല്‍, ഡോ. മാത്യു, പെര്‍ഫ്യൂഷനിസ്റ്റ് പി.കെ.ബിജു, നഴ്സുമാരായ രാജി, അനീഷ, അഞ്ജു, ഹസീന, നഴ്സിങ് അസിസ്റ്റന്റ് രതീഷ് എന്നിവരും ശസ്ത്രക്രിയാ സംഘത്തിലുണ്ടായിരുന്നു.
Discussion about this post