പിന്നില്‍ പെട്ടെന്നായിരുന്നു ഇടി; ടൂറിസ്റ്റ് ബസ് അമിതവേഗത്തിലായിരുന്നുവെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് പാലക്കാട് വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലത്തിന് സമീപം നാടിനെ നടുക്കിയ അപകടം ഉണ്ടായത്.

accident

പാലക്കാട്: പാലക്കാട് വടക്കഞ്ചേരി ദേശീയപാതയില്‍ സ്‌കൂള്‍ കുട്ടികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തന്റെ ഞെട്ടലിലാണ് കേരളം. സംഭവത്തില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ പ്രതികരണം ഇങ്ങനെ..

പെട്ടെന്ന് പിന്നിലുണ്ടായ ഇടിയില്‍ എന്താണു സംഭവിച്ചതെന്നു മനസിലാക്കാന്‍ ഏറെ സമയമെടുത്തെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ സുമേഷ് പറയുന്നു ഏറെ പണിപ്പെട്ടാണ് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണവിധേയമാക്കിയത്. ടൂറിസ്റ്റ് ബസ് അമിതവേഗത്തിലായിരുന്നുവെന്നും സുമേഷ് പറഞ്ഞു.

also read: കുട്ടികളുടെ നില തൃപ്തികരം; ആരുടേയും നില ഗുരുതരമല്ലെന്ന് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് പാലക്കാട് വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലത്തിന് സമീപം നാടിനെ നടുക്കിയ അപകടം ഉണ്ടായത്. അപകടത്തില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ ഒന്‍പതുപേര്‍ മരിച്ചു. ആറ് പുരുഷന്‍മാരും മൂന്ന് സ്ത്രീകളുടെയും മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

പരുക്കേറ്റ നാല്‍പ്പതിലധികം യാത്രക്കാരെ തൃശൂര്‍ മെഡിക്കല്‍ കോളജിലും ആലത്തൂര്‍ താലൂക്ക് ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, നെന്മാറയിലെയും ആലത്തൂരിലെയും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

കെഎസ്ആര്‍ടിസി ബസിന് പിന്നിലിടിച്ച ശേഷം ടൂറിസ്റ്റ് ബസ് തലകീഴായി മറിഞ്ഞു. കൊട്ടാരക്കരയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്. ടൂറിസ്റ്റ് ബസ് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

മരിച്ചവരില്‍ അഞ്ച് പേര്‍ വിദ്യാര്‍ത്ഥികളും, 3 കെഎസ്ആര്‍ടിസി യാത്രക്കാരും, ഒരു അധ്യാപകനുമാണ്. എല്‍ന ജോസ് , ക്രിസ്വിന്റ് ,ദിയ രാജേഷ് ,അഞ്ജന അജിത് , ഇമ്മാനുവല്‍ എന്നിവരാണ് മരിച്ച വിദ്യാര്‍ത്ഥികള്‍. വിഷ്ണുവാണ് മരിച്ച അധ്യപകന്‍. ദീപു , അനൂപ് , രോഹിത് എന്നിവരാണ് മരിച്ച കെഎസ്ആര്‍ടിസിയിലെ യാത്രക്കാര്‍.

Exit mobile version