കുട്ടികളുടെ നില തൃപ്തികരം; ആരുടേയും നില ഗുരുതരമല്ലെന്ന് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍

തൃശൂര്‍: വടക്കഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളുടെ നിലയില്‍ ആശങ്കാജനമായ ഒന്നും തന്നെയില്ലെന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍. മിക്ക കുട്ടികള്‍ക്കും ചെറിയ പരുക്കുകളാണ് ഉള്ളത്. ആരുടെയും നില ഗുരുതരമല്ല. കുട്ടികള്‍ സ്റ്റേബിള്‍ ആണ്. ശാന്തരാണ് കുട്ടികള്‍. അപകട സമയത്ത് പലരും ബസില്‍ സിനിമ കാണുകയായിരുന്നു, ചിലര്‍ ഉറങ്ങുകയായിരുന്നുവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

അതേസമയം, 5 പേരുടെ കൈക്കും കാലിനും പൊട്ടലുകള്‍ ഉണ്ട് ചിലര്‍ക്ക് ഓപ്പറേഷന്‍ വേണ്ടി വരും. മെഡിക്കല്‍ കോളജില്‍ കൃത്യമായ ചികിത്സ നല്‍കിവരുന്നു. മുതിര്‍ന്ന ആളുകളിലെ ചിലരുടെ പരുക്കുകള്‍ മാത്രമാണ് ഗുരുതരമെന്നും തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പ്രതികരിച്ചു.

അപകടത്തില്‍ 50-ല്‍ അധികം പേര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. 38 കുട്ടികളാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. എറണാകുളം ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘമാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്.

Exit mobile version