പാലക്കാട്: വടക്കഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസിന് പിന്നിലിടിച്ച് ഒമ്പത് പേരുടെ വാഹനാപകടത്തിന് കാരണമായ ടൂറിസ്റ്റ് ബസ്സ് അമിത വേഗതയിലായിരുന്നു എന്ന് തെളിവുകള്‍. ബസ് ഡ്രൈവറുടെ അനാസ്ഥയും അപകടത്തിന് കാരണമായെന്നാണ് വിവരം. ഊട്ടിയിലേക്കുള്ള യാത്രയ്ക്കായി ബസ് സ്‌കൂളിലെത്തിയത് വൈകിയായിരുന്നു എന്ന് രക്ഷിതാക്കളും പറയുന്നു.
ബസ് എത്തിയത് ഒരു വേളാങ്കണ്ണി യാത്ര കഴിഞ്ഞ ഉടനെ ആയിരുന്നു. ഇന്നലെ വൈകുന്നേരം 5.30 ന് സ്‌കൂള്‍ പരിസരത്ത് എത്തുമെന്ന് അറിയിച്ച വണ്ടി സ്ഥലത്തെത്തിയത് തന്നെ ഏറെ വൈകിയാണ്. തുടര്‍ന്ന് 6.30 ഓടെ ഊട്ടിയാത്ര ആരംഭിച്ചു. ഊട്ടിയിലേക്ക് നാല് ദിവസത്തെ യാത്രയായിരുന്നു സ്‌കൂള്‍ അധികൃതര്‍ പ്ലാന്‍ ചെയ്തിരുന്നത്. അമിത വേഗതയില്‍ പാഞ്ഞെത്തിയ ടൂറിസ്റ്റ് ബസ് ഒരു കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കെഎസ്ആര്‍ടിസിയുടെ പിന്നില്‍ ഇടിച്ച് മറിഞ്ഞത്.
‘6.30 ആയപ്പോഴാണ് ബസ് പുറപ്പെട്ടത്. ആ സമയത്ത് ഞാന്‍ ബസിനകത്ത് കയറി നോക്കിയിരുന്നു. വേളാങ്കണ്ണി ട്രിപ്പ് കഴിഞ്ഞെത്തിയതായിരുന്നു ടൂറിസ്റ്റ് ബസ്. ഡ്രൈവര്‍ നല്ലവണ്ണം വിയര്‍ത്ത് കുളിച്ച്, ക്ഷീണിച്ച അവസ്ഥയിലായിരുന്നു. ശ്രദ്ധിച്ച് ഓടിക്കണമെന്ന് പറഞ്ഞപ്പോള്‍, നല്ല എക്സ്പീരിയന്‍സുണ്ട്, നന്നായി ഓടിച്ചോളാം എന്നാണ് അയാള്‍ പറഞ്ഞത്. കാസറ്റ് ഇടാന്‍ കുട്ടികള്‍ ചെന്നപ്പോഴും നല്ല സ്പീഡായിരുന്നെന്നാണ് അറിഞ്ഞത്. കുട്ടികളും പറഞ്ഞിരുന്നു, ചേട്ടാ നല്ല സ്പീഡാണ്. പതുക്കെ പോയാല്‍ മതിയെന്ന്’- അപകടത്തില്‍പ്പെട്ട കുട്ടിയുടെ രക്ഷിതാവ് പറയുന്നതിങ്ങനെ.
എറണാകുളം വെട്ടിക്കല്‍ ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. ടൂറിസ്റ്റ് ബസ്സ് ഡ്രൈവറോട് ബസ് അമിത വേഗതയിലാണെന്ന കാര്യം കുട്ടികള്‍ പരസ്പരം പറഞ്ഞിരുന്നു. കൂടാതെ ഡ്രൈവറോടും വേഗത കുറയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. സിനിമയുടെ സിഡി മാറ്റാന്‍ പോയപ്പോഴാണ് അമിത വേഗത ശ്രദ്ധിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. എന്നാല്‍ സിനിമ കാണുന്നതിനാല്‍ വേഗതയുടെ കാര്യം അത്ര ശ്രദ്ധിച്ചിരുന്നില്ല. കൂടാതെ ഭക്ഷണം കഴിച്ച പലരും ഉറക്കത്തിലുമായിരുന്നു.
അതേസമയം, ടൂറിസ്റ്റ് ബസ് ഇടിച്ചുകയറി കെഎസ്ആര്‍ടിസി ബസിന്റെ ഒരു ഭാഗം മുഴുവന്‍ തകര്‍ത്ത് തരിപ്പണമാക്കിയ നിലയിലായിരുന്നു. വലത് ഭാഗത്തേക്കാണ് പാഞ്ഞു കയറിയത്. ഗുരുതരമായി പരിക്കേറ്റവരും വലതുഭാഗത്ത് ഇരുന്നവരാണ്.
ഇപ്പോള്‍ അപകടം നടന്ന സ്ഥലം സ്ഥിരം അപകടമേഖലയായിരുന്നു എന്നാണ് നാട്ടുകാരും പ്രതികരിക്കുന്നു. അമിത വേഗതയില്‍ എത്തിയ ടൂറിസ്റ്റ് ബസ് പിന്നില്‍ ഇടിച്ചപ്പോഴും പെട്ടെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ബസിന്റെ നിയന്ത്രണം ലഭിച്ചതിനാലാണ് അപകടത്തിന്റെ തോത് ഇതിലും ഗുരുതരമാകാതിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നുണ്ട്. അല്ലായിരുന്നുവെങ്കില്‍ കെഎസ്ആര്‍ടിസി ബസും മറിയുമായിരുന്നുവെന്ന് ബസിന്റെ ഡ്രൈവര്‍ പ്രതികരിച്ചു.