പാലക്കാട്: എറണാകുളത്തെ സ്കൂളില്‍ നിന്നും വിനോദയാത്രാ സംഘത്തിന്റെ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിന് പിന്നിലിടിച്ച് ഒമ്പത് മരണം. മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയസ് വിദ്യാനികേതന്‍ സ്കൂളില്‍നിന്ന് ഊട്ടിയിലേക്ക് പോയ ബസാണ് കെഎസ്ആര്‍ടിസിയില്‍ ഇടിച്ചത്.
കെഎസ്ആര്‍ടിസി യാത്രക്കാരായ തൃശൂര്‍ നടത്തറ കൊഴുക്കുള്ളി ഗോകുലം രോഹിത് രാജ് (24), കൊല്ലം വള്ളിയോട് വൈദ്യന്‍കുന്ന് ശാന്തിമന്ദിരം ഒ അനൂപ് (22), സ്കൂള്‍ ബസിലുണ്ടായിരുന്ന നാന്‍സി ജോര്‍ജ്, വികെ വിഷ്ണു എന്നിവര്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
കെഎസ്ആര്‍ടിസി ബസിന് പിന്നലും ടൂറിസ്റ്റ് ബസിന് മുന്നിലുമായി ഉണ്ടായിരുന്ന കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസിന്റെ പിന്നിലേക്ക് പാഞ്ഞുകയറിയത്. കൊട്ടാരക്കര കോയമ്പത്തൂര്‍ കെഎസ്ആര്‍ടിസി ബസില്‍ 49 യാത്രക്കാര്‍ ഉണ്ടായിരുന്നു.
ടൂറിസ്റ്റ് ബസില്‍ 42 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരുമാണ് ഉണ്ടായിരുന്നത്.വാളയാര്‍ വടക്കഞ്ചേരി മേഖലയിലെ കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപം രാത്രി 11.30നാണ് അപകടമുണ്ടായത്.
അമിതവേഗതയില്‍ എത്തിയ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസിലിടിച്ചു ചതുപ്പിലേക്കു മറിയുകയായിരുന്നു. അഞ്ച് കുട്ടികളും അധ്യാപകനായ ഒരാളും മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാരും മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 40 പേര്‍ക്കു പരുക്കേറ്റു. 12 പേരുടെ നില ഗുരുതരമാണ്. അപകടസംഖ്യ ഉയര്‍ന്നേക്കാമെന്നു പോലീസ് പറഞ്ഞു. പരുക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിലും തൃശൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
സ്കൂളില്‍ നിന്നും ടൂറിസ്റ്റ് ബസ് ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് പുറപ്പെട്ടത്. 42 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരുമടക്കമാണ് വിനോദയാത്രാ സംഘം യാത്ര തുടങ്ങിയത്. 26 ആണ്‍കുട്ടികളും 16 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. 10, 11, 12 ക്ലാസുകളിലെ വിദ്യാര്‍ഥികളാണിവര്‍.
ഹരികൃഷ്ണൻ (22), അമേയ (17), അനന്യ (17), ശ്രദ്ധ (15), അനീജ (15), അമൃത (15), തൻശ്രീ (15), ഹൈൻ ജോസഫ് (15), ആശ (40), ജനീമ (15), അരുൺകുമാർ (38), ബ്ലസൻ (18), എൽസിൽ (18), എൽസ (18) എന്നിവർ ഉൾപ്പെടെ 16 പേരാണു പരുക്കേറ്റു തൃശൂരിലെ ആശുപത്രിയിലുള്ളത്.
Discussion about this post