തിരുവനന്തപുരം: മഹിളാ കോൺഗ്രസ് പ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവും തിരുവനന്തപുരം ഡി.സി.സി. അംഗവുമായ വേട്ടയ്ക്കാട് മധുവിനെതിരെ പോലീസ് കേസെടുത്തു. നാലുമാസം മുമ്പ് വീട്ടിൽക്കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും പിന്നീട് ഫോണിലൂടെയും മറ്റും അസഭ്യം പറഞ്ഞെന്നും പ്രവർത്തക ആരോപിക്കുന്നു.
അതേസമയം, പ്രതിയിൽനിന്ന് പരാതിക്കാരി നേരത്തെ പണം കടം വാങ്ങിയിരുന്നു. ഈ പണം ആവശ്യപ്പെട്ടാണ് പ്രതി വീട്ടിൽ വന്നിരുന്നതെന്നും തുടർന്ന് കുടിക്കാൻ വെള്ളം ചോദിക്കുകയും ഇതിനുപിന്നാലെ ബലം പ്രയോഗിച്ച് ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും യുവതി ആരോപിച്ചു. എതിർത്തപ്പോൾ അസഭ്യം പറഞ്ഞെന്നും പരാതിയിലുണ്ട്. 2022 ജൂണിലായിരുന്നു ഈ സംഭവം.
ഇതിനുശേഷം ഫോണിലൂടെ വിളിച്ച് അശ്ലീലം പറയുന്നത് പതിവാക്കുകയായിരുന്നു. തുടർന്ന് മഹിളാ കോൺഗ്രസ് പ്രവർത്തക പാർട്ടിയിൽ പരാതി നൽകുകയും കടമായി വാങ്ങിയ പണം പ്രതിക്ക് തിരികെ നൽകുകയും ചെയ്തു. എന്നാൽ പിന്നീടും പ്രതി ഉപദ്രവം തുടർന്നതോടെയാണ് പോലീസിനെ യുവതി സമീപിച്ചത്.