നെടുമുടി: വഴിയിൽ നിന്ന് കിടന്ന് എന്തെങ്കിലും കിട്ടിയിൽ പോക്കറ്റിൽ വെയ്ക്കുന്നവർക്ക് മാതൃകയായി 2-ാം ക്ലാസുകാരൻ. കള്ളത്തരത്തിന്റെ വഴിയിലൂടെ സഞ്ചരിക്കാതെ നന്മയുടെ, സത്യസന്ധതയുടെ വഴിയിലൂടെ സഞ്ചരിച്ചാണ് രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ കാർത്തിക് മാതൃകയാകുന്നത്. വഴിയരോത്ത് കിടന്ന 10 പവന്റെ മാലയാണ് കാർത്തികിന്റെ ഇടപെടലിൽ ഉടമയുടെ കൈകളിലേയ്ക്ക് എത്തിയത്.
നെടുമുടി പഞ്ചായത്ത് എട്ടാംവാർഡ് ചമ്പക്കുളം പെരുമാനക്കൂട്ടുതറ വീട്ടിൽ കാർത്തികിന് വഴിയോരത്ത് നിന്ന് സ്വർണ്ണ മാല കിട്ടി. ആലപ്പുഴയിലെ സപ്ലൈകോ സൂപ്പർമാർക്കറ്റിൽ മുത്തശ്ശിക്കും മുത്തച്ഛനുമൊപ്പം മടങ്ങുമ്പോഴാണ് കൊച്ചുബാലന് പൊതിഞ്ഞനിലയിൽ മുല്ലയ്ക്കൽ ഭാഗത്തു വഴിയിൽക്കിടന്നു സ്വർണംകിട്ടിയത്.
ഉടനെ മുത്തച്ഛനും മുത്തശ്ശിയും പറഞ്ഞ് ഇക്കാര്യം സപ്ലൈകോ അധികൃതരെ അറിയിച്ചു. അവർ സമീപത്തെ ബാങ്കുമായി ബന്ധപ്പെട്ട് സ്വർണത്തിന്റെ ഉടമയെ തേടിപ്പിടിച്ച് കണ്ടെത്തി. പിന്നാലെ സ്വർണ്ണം അവരുടേതെന്ന് തന്നെ തെളിയിച്ച് കൈമാറുകയായിരുന്നു. ചമ്പക്കുളം ബിഷപ്പ് കുര്യാളശ്ശേരി പബ്ലിക് സ്‌കൂളിലെ വിദ്യാർഥിയാണ് കാർത്തിക്. ബാലന്റെ കൊച്ചുമനസിനെ സഹപാഠികളും നാട്ടുകാരും അഭിനന്ദിക്കുകയാണ്.