കരുവാരക്കുണ്ട്: അപ്രതീക്ഷിതമായി ഉണ്ടായ മലവെള്ളപ്പാച്ചിലിൽ യുവതിക്ക് ദാരുണാന്ത്യം. കൽക്കുണ്ട് റിസോർട്ടിനു സമീപത്തെ ചോലയിൽ കുളിക്കാനിറങ്ങിയ ആലപ്പുഴ ചന്തിരൂർ മുളയ്ക്കപറമ്പിൽ സുരേന്ദ്രന്റെയും സുശീലയുടെയും മകൾ ആർഷയാണ് മരിച്ചത്. 24 വയസായിരുന്നു. കുടുംബാംഗങ്ങളുടെ മുൻപിൽ വെച്ചാണ് അപകടം നടന്നത്. ബിരുദാനന്തരബിരുദ വിദ്യാർഥിനിയായിരുന്നു.
കൽക്കുണ്ടിലുള്ള അമ്മായിയുടെ വീട്ടിൽ എത്തിയതായിരുന്നു ആർഷയും കുടുംബവും. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയ്ക്ക് ചോലയിൽ കുടുംബാംഗങ്ങൾക്കൊപ്പം കുളിക്കാൻ ഇറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. മഴയില്ലാതെ തെളിഞ്ഞ കാലാവസ്ഥയും, തെളിഞ്ഞ ഒഴുക്കുകുറവും കണ്ടാണ് ആർഷ ചോലയിലേയ്ക്ക് ഇറങ്ങിയത്.
ഇതിനിടെ അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിലുണ്ടാവുകയായിരുന്നു. ഒരുമാസം മുൻപും കൽക്കുണ്ട് മലയോരത്തിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായിരുന്നു. പുറത്തുനിന്ന് എത്തിയവർക്ക് മലയോരത്ത് പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥയെക്കുറിച്ച് അറിവില്ലാതെ പോയതാണ് അപകടത്തിന് കാരണമായത്. അതേസമയം, ഒപ്പം അപകടത്തിൽപ്പെട്ടവർ നീന്തി രക്ഷപ്പെട്ടിരുന്നു. ആർഷയ്ക്ക് അതിന് സാധിച്ചിരുന്നില്ല.
നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് കൽക്കുണ്ട് ക്രിസ്ത്യൻ പള്ളിക്കു പിറകിൽ ഒലിപ്പുഴയിലെ പാറയിൽ തങ്ങിനിൽക്കുന്നനിലയിൽ ആർഷയെ കണ്ടെത്തിയത്. ഉടൻ കരുവാരക്കുണ്ടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരി: ആഗ്ര. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്.
Discussion about this post