കണ്ണൂര്‍: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലി അര്‍പ്പിച്ച് പ്രവാസി വ്യവസായി എംഎ യൂസഫലി. കോടിയേരി ബാലകൃഷ്ണന് തന്റെ ആത്മസുഹൃത്തായിരുന്നുവെന്ന് യൂസഫലി അനുസ്മരിച്ചു. കണ്ണൂരില്‍ എത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ ആത്മസുഹൃത്തായിരുന്നു കോടിയേരി. അദ്ദേഹത്തിന്റെ മരണത്തില്‍ എനിക്ക് ദുഃഖമുണ്ട്. 15 വര്‍ഷം മുമ്പ് ദുബായില്‍ വന്ന കോടിയേരി ഷോപ്പിംഗ് മാള്‍ സന്ദര്‍ശിച്ച ശേഷം ഇതുപോലെ ഒന്ന് നമുക്കും വേണമെന്ന് പറഞ്ഞു. കൊച്ചിയിലെ ലുലുമാള്‍ ഉണ്ടാക്കാനുള്ള പ്രചോദനം തന്നത് ഞാന്‍ ബാലേട്ടന് എന്ന് വിളിക്കുന്ന കോടിയേരിയാണ്.’ യൂസഫലി പറഞ്ഞു.
കേരള രാഷ്ട്രീയ രംഗത്തെ നിസ്വാര്‍ത്ഥ സേവകനായിരുന്നു കോടിയേരിയെന്നും നിര്യാണം ഏറെ വേദനയോടും ദുഃഖത്തോടെയുമാണ് കേട്ടതെന്നും യൂസഫലി പറഞ്ഞിരുന്നു.
കേരള രാഷ്ട്രീയ രംഗത്തെ നിസ്വാര്‍ത്ഥ സേവകനായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ അപ്രതീക്ഷിത നിര്യാണം ഏറെ വേദനയോടും ദു:ഖത്തോടെയുമാണ് ഞാന്‍ ശ്രവിച്ചത്. നിയമസഭാ സമാജികന്, പ്രതിപക്ഷ ഉപനേതാവ്, മന്ത്രി, പാര്‍ട്ടി സെക്രട്ടറി എന്നീ നിലകളില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഏറെ ശ്രദ്ധേയമായിരുന്നു. ദീര്‍ഘകാലമായുള്ള സഹോദര ബന്ധമായിരുന്നു അദ്ദേഹവുമായി എനിക്കുണ്ടായിരുന്നത്.
രണ്ട് മാസം മുമ്പ് തിരുവനന്തപുരത്ത് വെച്ച് അദ്ദേഹത്തെ കണ്ട് സംസാരിച്ചത് ഈ അവസരത്തില്‍ ഞാന്‍ ഓര്‍മ്മിക്കുന്നു. സംസ്ഥാന ആഭ്യന്തര മന്ത്രിയായിരിക്കെ അബുദാബി പോലീസ് ആസ്ഥാനം സന്ദര്‍ശിക്കുകയും അവരുമായി ചേര്‍ന്നുള്ള സംയുക്ത പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടതും ഞാന്‍ ഓര്‍ക്കുന്നു. കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ എന്റെ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നെന്നും യൂസഫലി പറഞ്ഞു.
Discussion about this post