തലശ്ശേരി: അന്തരിച്ച സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് വികാരഭരി യാത്രയയപ്പ് നല്കി സാംസ്കാരിക കേരളം. പയ്യാമ്പലം ബീച്ചില്‍ ഒരുക്കിയ ചിതയില്‍ കോടിയേരി ജ്വലിക്കുന്ന ഓര്‍മയായി. ഇകെ നായനാരുടെയും ചടയന്‍ ഗോവിന്ദന്റെയും സ്മൃതികുടീരങ്ങള്ക്കിടയില് ഇനി നിത്യ നിദ്ര.
മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമാണ് കോടിയേരിയുടെ മൃതദേഹവും വഹിച്ച് കൊണ്ട് ഇരുവശങ്ങളിലുമുണ്ടായിരുന്നത്. സംസ്കാരത്തിന് ശേഷം നടന്ന അനുശോചനയോഗത്തില്‍ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, പിണറായി വിജയന്, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തു.
കോടിയേരിയുടെ സംസ്കാരത്തിന് ശേഷമുള്ള, തന്റെ പ്രസംഗം മുഴുവിപ്പിക്കാനാവാതെ തൊണ്ടയിടറി പിണറായി വിജയന് കരച്ചിലിന്റെ വക്കോളമെത്തി. ഇത്രയധികം ദുഖിതനായ പിണറായിയെ ഇതാദ്യമായാണ് ജനങ്ങള്‍ കാണുന്നത്. ചെറുപ്പകാലം മുതല്‍ ഇന്നുവരെ ഒന്നിച്ച് പ്രവര്‍ത്തിച്ച പ്രിയ സഖാവിനെയാണ്, സഹോദരനെയാണ് കോടിയേരിയുടെ വിയോഗത്തിലൂടെ മുഖ്യമന്ത്രിക്ക് നഷ്ടമാവുന്നത്. കോടിയേരിക്ക് ഇങ്ങനെയൊരു യാത്രയയപ്പ് നല്‍കുന്നത് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
ചില കാര്യങ്ങള്‍ ആരുടെയും നിയന്ത്രണത്തിലല്ല. കോടിയേരിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ഡോക്ടര്‍മാര്‍ പരമാവധി ശ്രമം നടത്തി. താങ്ങാനാകാത്ത കനത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. പെട്ടന്ന് പരിഹരിക്കാനാവാത്ത വിയോഗമാണുണ്ടായത്. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ വിടവ് പരിഹരിക്കാന്‍ ശ്രമിക്കും. വലിയ നഷ്ടത്തില്‍ ദു:ഖത്തില്‍ ഒപ്പം ചേര്‍ന്നവര്‍ക്ക് നന്ദി. കോടിയേരിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് കൃതജ്ഞത അറിയിക്കുന്നതായും മാധ്യമങ്ങള്‍ നല്ല നിലപാട് സ്വീകരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post