ഉടമ കാറിന് പിന്നിൽ കെട്ടിവലിച്ച നായക്കുട്ടി ലോകത്തോട് വിടപറഞ്ഞു. 2020 ഡിസംബറിൽ ആണ് നായക്കുട്ടിയെ കാറിന് പുറകിൽ കെട്ടിയിട്ട് ഉടമ കൊടുംക്രൂരത കാണിച്ചത്. പിന്നീട് ഈ നായക്കുട്ടിയെ ആനിമൽ വെൽഫെയർ ഓർഗനൈസേഷനായ ദയ ഏറ്റെടുത്തിരുന്നു.
ശേഷം, അവളിലുണ്ടായ പരിക്കുകൾക്കും മറ്റും ആവശ്യമായ ചികിത്സ നൽകി സംരക്ഷിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വരെ ആരോഗ്യവതിയായിരുന്ന നായയെ രാവിലെ ജിവനറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
ദയ തന്നെയാണ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വിയോഗ വാർത്ത പങ്കുവെച്ചത്. ഉടമ ചെയ്ത ദ്രോഹങ്ങളിൽനിന്ന് സ്വാതന്ത്ര്യം ആഗ്രഹിച്ചിരിക്കാം എന്നതുകൊണ്ടാണ് അന്ന് ദയയുടെ പ്രവർത്തകർ അബാക്ക എന്ന പേര് നൽകിയത്. ചരിത്രത്തിലെ ആദ്യ വനിതാ സ്വാതന്ത്ര്യസമര പോരാളിയാണ് അബാക്ക. അതിനാലാണ് നായക്കുട്ടിക്കും ഈ പേര് തന്നെ നൽകിയത്.