സ്വപ്ന കൊട്ടാരം പോലെ വളര്‍ന്ന ബിസിനസ് സാമ്രാജ്യം കൈവിട്ടുപോയപ്പോഴും ഉള്‍ക്കരുത്ത് ചോരാതെ തിരിച്ചുവരവിന് ഒരുങ്ങിയിരിക്കുകയായിരുന്നു അറ്റ്ലസ് രാമചന്ദ്രന്. ജീവിതത്തില്‍ തകര്‍ന്ന് പോയവര്‍ക്ക് ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള പ്രചോദനം കൂടിയായിരുന്നു അദ്ദേഹം.
എല്ലാം നഷ്ടപ്പെട്ടിട്ടും തിരിച്ചുപിടിക്കുമെന്ന, തിരികെ വരുമെന്ന ആത്മവിശ്വാസം ആ മനുഷ്യന്റെ മുതല്‍ക്കൂട്ടായിരുന്നു. രാമചന്ദ്രന്റെ തിരിച്ചുവരവിന് കരുത്തായി നിന്നത് പ്രിയതമ ഇന്ദിരയാണ്. ദുബായ് ജയിലില്‍ കഴിയുന്ന സമയത്ത് അറ്റ്ലസ് രാമചന്ദ്രന് വേണ്ടി ഒറ്റയ്ക്ക് പൊരുതിയത് ഇന്ദിരയാണ്. തകര്‍ച്ചയിലേക്ക് വിട്ടുകൊടുക്കാതെ കൈപിടിച്ച് കൊണ്ടുവരുകയായിരുന്നു സഹധര്‍മ്മിണി.
ബാങ്കുകളില്‍നിന്ന് വായ്പയെടുക്കാന്‍ നല്കിയ ചെക്കുകള്‍ മടങ്ങിയതോടെയാണ് രാമചന്ദ്രന് ജയിലിലായത്. അസുഖബാധിതനായ രാമചന്ദ്രനെ ആശുപത്രിയിലെത്തിച്ചത് വീല്‍ചെയറിലാണ്.
ഭര്‍ത്താവിന്റെ ബിസിനസ് രംഗത്തേക്ക് ഒരിക്കല്‍പ്പോലും കടന്നുവന്നിട്ടില്ലാത്ത ഇന്ദിര, വാടക നല്കാന് പോലും നിവര്‍ത്തിയില്ലാതെ സാഹചര്യത്തിലാണ് ഭര്‍ത്താവിന് വേണ്ടി പോരാടിയത്. മകളും മരുമകനും കൂടി മറ്റൊരു കേസില്‍ ജയിലിലാവുകയും ചെയ്തതോടെ എല്ലാ അര്‍ത്ഥത്തിലും ഇന്ദിര ഒറ്റയ്ക്കായി.
2015 ഓഗസ്റ്റ് 23നാണ് 34 ബില്യണ്‍ ദിര്‍ഹത്തിന്റെ ചെക്കുകള്‍ മടങ്ങിയ കേസിലാണ് ദുബായ് പോലീസ് അറ്റ്ലസ് രാമചന്ദ്രനെ അറസ്റ്റ് ചെയ്തത്. അന്ന് താല്‍ക്കാലികമായായിരിക്കും അദ്ദേഹത്തെ കൊണ്ടുപോകുന്നതെന്നാണ് കരുതിയത്. എന്നാല്‍ അത് ജീവിതത്തില്‍ ഇത്ര വലിയ ദുരന്തമായിരിക്കും നല്‍കുക എന്ന് ഒരിക്കലും കരുതിയില്ലെന്ന് ഇന്ദിര അന്ന് പറഞ്ഞിരുന്നു.
അറസ്റ്റ് വാര്‍ത്തയായതോടെ കൂടുതല്‍ ബാങ്കുകള്‍ ചെക്കുകള്‍ സമര്‍പ്പിച്ചു. ആ ബാങ്കുകളുടെയെല്ലാം വാതിലുകളില്‍ നിരന്തരം മുട്ടിക്കൊണ്ടിരുന്നു ഇന്ദിര, തന്റെ ഭര്‍ത്താവിന്റെ മോചനത്തിനായി.
തകര്‍ച്ചയ്ക്ക് മുന്നെ 3.5 മില്യണ്‍ ദിര്‍ഹമായിരുന്നു അറ്റ്ലസ് ഗ്രൂപ്പിന്റെ വാര്‍ഷിക വരുമാനം. സാമ്പത്തിക തകര്‍ച്ചയില്‍ പെട്ടതോടെ മുഴുവന്‍ സ്ഥാപനങ്ങളും അടച്ചുപൂട്ടി. തൊഴിലാളികള്‍ക്ക് ശമ്പളം നല്കാനാകാതെ ഷോറൂമിലെ 5 മില്യണ്‍ വില വരുന്ന വജ്രങ്ങള്‍ മില്യണ്‍ ദിര്‍ഹത്തിനാണ് വിറ്റതെന്നും ഇന്ദിര പറഞ്ഞു.
കഷ്ടപ്പെട്ട് ഉണ്ടാക്കിയ ചില ആസ്തികള്‍ കുറഞ്ഞ വിലയ്ക്കു വില്‍ക്കേണ്ടിവന്നതില്‍ വിഷമമുണ്ട് അന്ന രാമചന്ദ്രനും പറഞ്ഞിരുന്നു. തടവറയിലെ തണുപ്പില്‍ ജീവിക്കുമ്പോഴും മനസ്സ് മരവിച്ചിരുന്നില്ല. എല്ലാ പ്രശ്നങ്ങളും തീര്‍ക്കാമെന്നും ഫീനിക്സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേല്‍ക്കാമെന്നും ആത്മവിശ്വാസമുണ്ട്. ബാധ്യതകളില്‍ നിന്ന് ഒളിച്ചോടരുതെന്നു നിര്‍ബന്ധമുണ്ടായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മൂന്നുവര്‍ഷത്തോളം നീണ്ട ജയില്‍വാസത്തിനുശേഷം 2018ലാണ് അദ്ദേഹം ജയില്‍ മോചിതനായത്. വായ്പ നല്കിയ ബാങ്കുകളും സ്വകാര്യ സ്ഥാപനങ്ങളുമായി ഒത്തുതീര്‍പ്പിലെത്തിയതിനെ തുടര്‍ന്നാണു മോചനം സാധ്യമായത്.
Discussion about this post